അയർലണ്ടിൽ ആശുപത്രിയിലെ അമിത തിരക്ക് മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുത്തിയതായി പരാതി; ഡബ്ലിൻ സ്വദേശിക്ക് TUH-ൽ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകൾ

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിതതിരക്കും, ആവശ്യത്തിന് ജീവനക്കാരുടെ അഭാവവും മറ്റൊരു ജീവന്‍ കൂടി നഷ്ടപ്പെടുത്തിയതായി പരാതി. ഡബ്ലിനിലെ താല സ്വദേശിയായ Erin Dennis എന്ന 26-കാരിയാണ് 44 മണിക്കൂറോളം ചികിത്സയ്ക്കായി Tallaght University Hospital (TUH)-ല്‍ ചെലവഴിക്കുകയും, ഡിസ്ചാര്‍ജ്ജായി വീട്ടില്‍ വന്നതിന് ശേഷം ഹൃദയഘാതമുണ്ടായി മരിക്കുകയും ചെയ്തത്. 2022 മാര്‍ച്ച് 2-നായിരുന്നു മരണം. Erin ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സ തേടിയ സമയം ഇവിടെ അമിത തിരക്ക് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ Dublin District Coroner’s Court-ല്‍ നടക്കവേയാണ് വിവരങ്ങൾ ലഭ്യമായത്.

തുര്‍ക്കിയില്‍ വച്ച് അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് Erin, TUH-ല്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരെ അലട്ടിയിരുന്നു. ഒടുവില്‍ വയറുവേദനയെ തുടര്‍ന്നാണ് അവസാനമായി TUH-ല്‍ എത്തിയത്. വേദനയ്ക്ക് കാരണം വൃക്കയിലെ കല്ലാണെന്നും കണ്ടെത്തിയിരുന്നു.

അതേസമയം ഡോക്ടറുടെ പരിശോധനയ്ക്കും സിടി സ്‌കാന്‍ എടുക്കലിനും എല്ലാമായി കാത്തുനിന്ന് 43 മണിക്കൂറും 38 മിനിറ്റുമാണ് Erin-ന് ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വന്നത്. അവരുടെ ആരോഗ്യപ്രശ്‌നം കാരണം ഓരോ നാലോ അഞ്ചോ മണിക്കൂറോ കൂടുമ്പോള്‍ ശരീരത്തിലെ വൈറ്റല്‍സ് പരിശോധിക്കേണ്ടിയിരുന്നെങ്കിലും ആശുപത്രിയിലെ തിരക്ക് കാരണം അതുണ്ടായില്ല. ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് ഇസിജി എടുത്തതുമില്ല. ഇത്തരം രോഗികള്‍ക്ക് 15 മിനിറ്റിനകം ആദ്യഘട്ട പരിശോധന നടത്തണമെന്നതാണ് രീതിയെങ്കിലും, Erin-ന് നാല് മണിക്കൂറും 29 മിനിറ്റുമാണ് ഇതിനായി കാത്തിരിക്കേണ്ടി വന്നത്. അതിന് ശേഷം അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ പരിശോധിക്കേണ്ടിയിരുന്നതാണെങ്കിലും, ഡോക്ടറെ കാണാന്‍ പറ്റിയത് 11 മണിക്കൂറോളം കഴിഞ്ഞാണ്. അതിനും ശേഷം സിടി സ്‌കാന്‍ ഫലം ലഭിക്കാനായി വീണ്ടും ആറര മണിക്കൂര്‍ കാത്തിരിക്കേണ്ടതായി വന്നു.

മാര്‍ച്ച് 2-ന് വൈകിട്ട് 3.30-ഓടെ Erin-നെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും, വീട്ടിലെത്തിയ ശേഷം ഹൃദയാഘാതം ഉണ്ടാകുകയും, വീണ്ടും ആശുപത്രിയിലെത്തിയ ശേഷം വൈകിട്ട് 7.03-ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

Erin-ന്റെ ഇടത് കാലിലെ ഒരു ധമനിക്കുള്ളില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് അവര്‍ മരിച്ചത് എന്ന് പിന്നീട് കണ്ടെത്തി. ഇതിന് മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ടോയ്‌ലറ്റില്‍ തെന്നിവീണതിനെ തുടര്‍ന്ന് അവരുടെ ഇടത് കാലില്‍ സര്‍ജറി വേണ്ടിവന്നിരുന്നു.

മകളുടെ മരണത്തിന് ശേഷം ആശുപത്രിക്കാര്‍ പലവട്ടം വിളിച്ച് തങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി പറഞ്ഞതായി Erin-ന്റെ അമ്മ, Dublin District Coroner’s Court-ല്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: