യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ഏറ്റവും പുതിയ വിവരമനുസരിച്ച് ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിന് 224-ഉം. 270 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ, മാന്ത്രികസംഖ്യയ്ക്ക് തൊട്ടടുത്തെത്തിയ ട്രംപ് തന്നെയാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നത് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.
ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ സെനറ്റിലും, ജനപ്രതിനിധി സഭയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടിയിട്ടുണ്ട്. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി 6-ന് മാത്രമേ നടക്കൂ.
അതേസമയം ഫലസൂചനകള്‍ വ്യക്തമായതോടെ അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ സുവര്‍ണ്ണകാലഘട്ടം ഇതായിരിക്കും എന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.