അയര്‍ലണ്ടില്‍ ആളുകള്‍ മരിക്കാന്‍ പ്രധാന കാരണമാകുന്ന sepsis രോഗത്തെ പറ്റി ബോധവല്‍ക്കരണവുമായി The Irish College of GPs (ICGP). രാജ്യത്ത് ആളുകളെ മരണത്തിലേയ്ക്ക് നയിക്കുന്ന രോഗങ്ങളില്‍ sepsis പ്രധാനപ്പെട്ടതാണെന്നും, വര്‍ഷം 15,000-ലധികം പേര്‍ക്ക് രോഗം പിടിപെടുകയും, അതില്‍ 20% പേര്‍ മരിക്കുകയും ചെയ്യുന്നതായും ICGP മെഡിക്കല്‍ ഡയറക്ടറായ Dr Diarmuid Quinlan പറയുന്നു. അതായത് വര്‍ഷം 3,000 പേര്‍ രാജ്യത്ത് sepsis കാരണം മരിക്കുന്നു. ജിപിമാരെയാണ് രോഗബാധയുമായി മിക്ക രോഗികളും ആദ്യം കാണാനെത്തുന്നത്. അതിനാല്‍ രോഗം sepsis ആണെന്ന് ജിപിമാര്‍ ഉടനടി മനസിലാക്കേണ്ടത് അതാവശ്യമാണ്.
ചെറിയ കുട്ടികളെയും അതുപോലെ 75 വയസ് പ്രായം കഴിഞ്ഞവരെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഇന്‍ഫെക്ഷനുമായി ബന്ധപ്പെട്ട്, ശരീരത്തെ സ്വയം ആക്രമിക്കുന്ന തരത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെയാണ് sepsis എന്ന് പറയുന്നത്. ശ്വാസകോശ ഇന്‍ഫെക്ഷന്‍, യൂറിനറി ഇന്‍ഫെക്ഷന്‍, തൊലിപ്പുറത്തെ ഇന്‍ഫെക്ഷന്‍, വയറിലെ ഇന്‍ഫെക്ഷന്‍ മുതലായവ ഉണ്ടാകുമ്പോഴാണ് സാധാരണയായി sepsis എന്ന രോഗാവസ്ഥയിലേയ്ക്ക് ശരീരം എത്തുന്നത്.
ശരീരത്തെ ബാധിച്ചിരിക്കുന്നത് sepsis ആണെന്ന് ഉടനടി രോഗലക്ഷണങ്ങളിലൂടെ മനസിലാക്കുകയും, അതിന് വേണ്ട ചികിത്സ ഉടന്‍ ഡോക്ടര്‍മാര്‍ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് Dr Quinlan പറയുന്നു. രോഗലക്ഷണങ്ങള്‍ എല്ലാവരിലും സമാനമായാണ് കാണാറുള്ളതെന്നും, പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പനി അല്ലെങ്കില്‍ ശരീരത്തിലെ താപനില താഴ്ന്നുപോകുക, വളരെ വേഗത്തില്‍ ശ്വാസമെടുക്കുക, ഹൃദയമിടിപ്പ് വളരെ വേഗത്തിലാകുക, ആശയക്കുഴപ്പം തോന്നുക, സംസാരം വ്യക്തമല്ലാതാകുക, തൊലി വിളറുക, വിയര്‍ക്കുക, ശരീരത്തിലെ മസില്‍, ജോയിന്റുകള്‍ എന്നിവിടങ്ങളിലും മറ്റിടങ്ങളിലും ശക്തമായ വേദന അനുഭവപ്പെടുക, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം മുതലായവയെല്ലാം രോഗലക്ഷണങ്ങളാണ്.
പ്രമേഹരോഗം ഉള്ളവര്‍, കരള്‍ രോഗം ഉള്ളവര്‍, സ്റ്റിറോയ്ഡുകള്‍, ഇമ്മ്യൂണോ സപ്രസന്റുകള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ രോഗസാധ്യത കൂടുലാണ്.
Sepsis രോഗം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ട കാര്യങ്ങള്‍ക്കായി HSE കഴിഞ്ഞ ഏതാനും വര്‍ഷമായി ആശുപത്രികളില്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ Dr Quinlan, ജിപിമാരെയും ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പ്രായമായവര്‍ വര്‍ദ്ധിച്ചുവരുന്നത് sepsis രോഗം കൂടുതല്‍ പേരെ ബാധിക്കാന്‍ ഇടയാക്കുമെന്നും Dr Quinlan പറയുന്നു.
2012-ൽ സവിത ഹാലപ്പനവർ എന്ന ഇന്ത്യൻ വംശജയായ ഡെന്റിസ്റ്റ് അയർലണ്ടിൽ sepsis രോഗം ബാധിച്ച് മരിച്ചതോടെയാണ് രോഗത്തിനെ പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കപ്പെട്ടത്.