അയര്‍ലണ്ടിലെ റോഡ് സുരക്ഷയ്ക്കായി ഇനി അതിനൂതന നിരീക്ഷണ ക്യാമറകള്‍. അമിതവേഗം മാത്രമല്ല, അശ്രദ്ധമായ ഡ്രൈവിങ്, ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ഇടാതെ ഡ്രൈവ് ചെയ്യല്‍ മുതലായ നിയമലംഘനങ്ങളെല്ലാം പിടികൂടുന്ന ക്യാമറകളാണ് രാജ്യത്തെ വിവിധ റോഡുകളില്‍ സ്ഥാപിക്കുകയെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി James Lawless വ്യക്തമാക്കി.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അവരെ പിടികൂടുക പ്രയാസമാണെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സംവിധാനമനുസരിച്ച് ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടണമെങ്കില്‍ ഗാര്‍ഡ നേരിട്ട് ഇടപെടണം. ഇതിന് പകരമായാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടി ഒപ്പിയെടുക്കുന്ന തരത്തിലുള്ള അത്യാധുനിക ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
Transport Infrastructure Ireland ആണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തിന് മുമ്പ് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കും.
ആദ്യ ഘട്ടത്തില്‍ അമിതവേഗം, റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കല്‍, ബസ് ലെയിനില്‍ കയറ്റി മറ്റ് വാഹനങ്ങള്‍ ഓടിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. അടുത്ത ഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കമുള്ള നിയമലംഘനങ്ങള്‍ പിടികൂടുന്ന ക്യാമറകളും സ്ഥാപിക്കും.
അതേസമയം ചുവപ്പ് സിഗ്നല്‍ കത്തി നില്‍ക്കുന്ന സമയങ്ങളില്‍ അത് ലംഘിച്ച് വാഹനം മുന്നോട്ടെടുക്കുന്നവരെ കണ്ടെത്തി, ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്ന ക്യാമറകള്‍ 2024 അവസാനത്തോടെ സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ നേരത്തെ പറഞ്ഞിരുന്നു.