കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ South East Technological Universtiy (SETU)-ക്ക് നേരെ സൈബര്‍ ആക്രമണം. ഇതിനെത്തുടര്‍ന്ന് തിങ്കളാഴ്ച യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിന് ശേഷവും സൈബര്‍ ആക്രമണത്തിന്റെ പ്രശ്‌നം തുടരുകയാണെങ്കില്‍ ഓഫ്‌ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടത്താന്‍ ശ്രമിക്കുമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
വാട്ടര്‍ഫോര്‍ഡ് ക്യാംപസിലെ ഐടി സംവിധാനത്തെ മാത്രമാണ് സൈബര്‍ അറ്റാക്ക് ബാധിച്ചതെന്നും, വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളെയും, ഏജന്‍സികളെയും അറിയിച്ചതായും യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം കൈകാര്യം ചെയ്യാന്‍ National Cyber Security Centre-നെ ഏല്‍പ്പിച്ചിട്ടുമുണ്ട്.
കൗണ്ടികളായ വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളെ ലയിപ്പിച്ച് 2022-ലാണ് South East Technological Universtiy എന്ന പേരില്‍ ഒരൊറ്റ യൂണിവേഴ്‌സിറ്റിയാക്കി മാറ്റിയത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ അപ്രന്റിസ് പ്രോഗ്രാമുകള്‍ നടക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നിലവിലുണ്ടായ സൈബര്‍ അറ്റാക്ക്, അപ്രന്റിസ്ഷിപ്പിനെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് SETU-വിലേത്. കോര്‍ക്കിലെ Munster Technological University-ക്ക് നേരെയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സമാനമായ സൈബര്‍ ആക്രമണം നടന്നിരുന്നു. 2020-ല്‍ Maynooth University-യുടെ ഐടി സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് മോചനദ്രവ്യം നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു.