സ്‌പെയിനിലെ പ്രളയത്തിൽ 205 മരണം

സ്‌പെയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രളയത്തില്‍ 205 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. മരണങ്ങളില്‍ 202-ഉം വലന്‍സിയ പ്രവിശ്യയിലാണ്. നിരവധി ടൗണുകളില്‍ ഇപ്പോഴും വാഹനങ്ങളും മറ്റ് വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമായി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ട്.

പ്രളയത്തിന് പിന്നാലെ വൈദ്യുതബന്ധം നിലച്ച പല പ്രദേശങ്ങളും ഇരുട്ടില്‍ തുടരുകയാണ്. ശുദ്ധജലത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഫോണ്‍ കണക്ഷനുകളും പലയിടത്തും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

പ്രളയം ബാധിച്ച ധാരാളം പേര്‍ മാധ്യമങ്ങള്‍ വഴി സഹായം തേടുന്നുണ്ട്. പ്രളയത്തെ പറ്റി അധികൃതര്‍ ആദ്യ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

അതേസമയം പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടി സുരക്ഷാ സേനയും, സൈന്യവും തിരച്ചിലുകള്‍ തുടരുകയാണ്. കെട്ടിടങ്ങള്‍ക്കും, വാഹനങ്ങള്‍ക്കുമകത്ത് ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും ആശങ്കയുണ്ട്.

ആളുകളും സംഘടനകളും അവശ്യസാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ രാജ്യത്ത് ഇനിയും കൊടുങ്കാറ്റും മഴയും ഉണ്ടായേക്കാമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. Tarragona, Catalonia, Balearic Islands-ന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്.

സ്‌പെയിനിലെ മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങളില്‍ ഓട്ടം സീസണോട് അനുബന്ധിച്ച് അതിശക്തമായ കാറ്റും മഴയും പ്രളയവും ഉണ്ടാകാറുണ്ടെങ്കിലും ഇത്ര വലിയൊരു ദുരന്തം സമീപകാലത്ത് ആദ്യമാണ്. കാലാവസ്ഥാ മാറ്റമാണ് പ്രളയത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. അതേസമയം രണ്ട് വര്‍ഷത്തോളം കൊടിയ വരള്‍ച്ചയിലൂടെ കടന്നുപോയതിനാല്‍ സ്‌പെയിനിലെ പല പ്രദേശങ്ങളിലും മണ്ണ് ഉറച്ചുപോകുകയും, ഇവിടങ്ങളില്‍ മഴവെള്ളം താഴ്ന്നുപോകാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പ്രളയം കൂടുതല്‍ വഷളായതെന്നാണ് വിലയിരുത്തല്‍. 1996 ഓഗസ്റ്റില്‍ വടക്കുകിഴക്കന്‍ സ്‌പെയിനിലെ Biescas-ലുള്ള Gallego നദിക്ക് സമീപത്തെ ക്യാംപ്‌സൈറ്റിലുണ്ടായ പ്രളയത്തില്‍ 87 പേര്‍ മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: