അയര്‍ലണ്ടിലെ നഴ്‌സിങ് നിയമന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഒക്ടോബര്‍ മാസം ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റിടങ്ങളിലുമായി ചികിത്സ തേടിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍. Irish Midwives and Nurses Organisation (INMO)-ന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,515 പേരാണ് ആശുപത്രികളിലെ ട്രോളികള്‍, കസേരകള്‍ മുതലായവയില്‍ പോയ മാസം ചികിത്സ തേടിയത്.
ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,876 പേര്‍. Cork University Hospital (1,126), University Hospital Galway (989) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഒക്ടോബര്‍ മാസം മാത്രം 10,000-ലധികം രോഗികളെ ട്രോളികളില്‍ ചികിത്സിക്കേണ്ടി വന്നു എന്നത് വരുന്ന വിന്റര്‍ സീസണില്‍ സ്ഥിതി ഇതിലും മോശമായേക്കും എന്നുള്ള മുന്നറിയിപ്പാണെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തത് വലിയ പ്രശ്‌നമാണെന്നും, ഈ സാഹചര്യത്തില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. വിന്റര്‍ സീസണ്‍ കൂടി വരുന്നതോടെ ജീവനക്കാരുടെയോ, രോഗികളുടെയോ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തവണയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
നിലവില്‍ മരവിപ്പിച്ചിരിക്കുന്ന റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ HSE-യും സര്‍ക്കാരും തയ്യാറാകണമെന്നും Phil Ní Sheaghdha ആവശ്യപ്പെട്ടു. നിലവിലെ പേ ആന്‍ഡ് നമ്പേഴ്‌സ് രീതി കാരണം പുതിയ നിയമനങ്ങള്‍ക്കായി 12 മാസത്തോളം കാലതാമസം നേരിടുന്നതായി പറഞ്ഞ അവര്‍, ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെങ്കില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു.