ഗര്‍ഭിണി ആയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട കാവനിലെ ബാര്‍ റസ്റ്ററന്റ് ജീവനക്കാരിക്ക് 17,500 യൂറോ നഷ്ടപരിഹാരം. കാവനിലെ Main Street-ല്‍ ഉള്ള Imperial bar and restaurant നടത്തിവരുന്ന കമ്പനിയോടാണ് Leeanne Moore എന്ന മുന്‍ ജീവനക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ടത്. Employment Equality Act 1998-ന് വിരുദ്ധമായി സംഭവത്തില്‍ കമ്പനി വിവേചനം കാണിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതോടൊപ്പം ജോലിയില്‍ നിന്ന് പുറത്താക്കാനുള്ള കാരണമായി പരാതിക്കാരി ഒരു സെക്ഷ്വല്‍ പ്രിഡേറ്റര്‍ ആണ് എന്ന് പറഞ്ഞ മാനേജറുടെ വാദം വ്യാജമാണെന്നും, വളരെ മോശമായ പരാമര്‍ശമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. 2023 നവംബറിലായിരുന്നു സംഭവം. സെപ്റ്റംബറിലായിരുന്നു Moore ഇവിടെ സൂപ്പര്‍വൈസറായി ജോലിക്ക് കയറിയത്.
സത്യത്തില്‍ Moore ഗര്‍ഭിണിയായത് കാരണമാണ് ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ വ്യക്തമാക്കി. എന്നാല്‍ ജോലിയില്‍ നിന്നും പുറത്താക്കിയത് പ്രൊബേഷന്‍ കാലയളവില്‍ മതിയായ പ്രകടനം നടത്തിയില്ല എന്നത് കാരണമാണെന്നായിരുന്നു ബാര്‍ നടത്തിപ്പുകാരായ Brandon Taverns Limited-ന്റെ വാദം.
നവംബര്‍ 9-ന് താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം മടിയോടെയാണെങ്കിലും മാനേജറെ അറിയിച്ചിരുന്നുവെന്നും, അക്കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടില്ലെന്ന് മാനേജര്‍ പറഞ്ഞിരുന്നുവെന്നും Moore കമ്മീഷനില്‍ പറഞ്ഞു. എന്നാല്‍ അതിന് പിന്നാലെ നവംബര്‍ 11-ന് തന്നെപ്പറ്റി നിരവധി പരാതികള്‍ വരുന്നതായി കമ്പനി അറിയിച്ചുവെന്ന് Moore പറയുന്നു. ജോലി ശരിയായി ചെയ്യാന്‍ പറ്റുന്നില്ലേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായത് കാരണമാണോ ഇത്തരം പ്രശ്‌നങ്ങളുണ്ടായത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മാനേജര്‍ മറുപടി പറഞ്ഞതെന്നും Moore വ്യക്തമാക്കി.
അതേസമയം Moore-ന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ എന്തെല്ലാമെന്നതിന് വ്യക്തത നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്ന് വിചാരണയില്‍ കമ്മീഷന്‍ കണ്ടെത്തി. ഇത് Moore-ന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുകയാണ് ചെയ്തത്. കുട്ടിയുടെ പിതാവ് സഹായിക്കില്ല എന്ന് ഉറപ്പുള്ളതിനാല്‍ ജോലി എന്നത് Moore-ന് അത്യാവശ്യവുമായിരുന്നു.
ഇവര്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പിന്നീട് കമ്പനി ഒരു അന്വേഷണവും നടത്തുകയോ, സംഭവം രേഖപ്പെടുത്തുകയോ പോലും ചെയ്യാത്തത്, ജോലിയില്‍ നിന്നും അവരെ പുറത്താക്കാനായി ഉണ്ടാക്കിയ കാരണമാണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതായി കമ്മീഷന്‍ പറഞ്ഞു. പരാതി പറഞ്ഞ പുരുഷനായ ജീവനക്കാരന് ഇവരോട് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് സംശയിക്കുന്നതായും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നാണ് വിധിയില്‍ 17,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ജോലിയുടെ കരാര്‍ സംബന്ധിച്ച കോപ്പി നല്‍കാത്തതിന് 500 യൂറോ അധികമായും കമ്പനി നല്‍കണം.