അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ട് ആസ്ഥാനമായുള്ള ട്രാസ്‌ന സൊല്യൂഷന്‍സ് ടെക്‌നോളജി ലിമിറ്റഡ് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. സെമികണ്ടക്ടര്‍ ഡിസൈന്‍, എഡ്ജ് കംപ്യൂട്ടിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ മേഖലകളില്‍ പ്രാവീണ്യമുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതനവ്യവസായങ്ങളുടെ കൂട്ടത്തിലുള്ളതാണ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കമ്പനി തങ്ങളുടെ നാട്ടില്‍ വരണമെന്ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേരളത്തെയാണ് ട്രാസ്‌ന തെരഞ്ഞെടുത്തത്. വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെയാണ് കമ്പനി കേരളത്തില്‍ നിക്ഷേപത്തിനായി തയ്യാറായത്.
കേരളത്തിലെ യൂണിറ്റ് പ്രധാനമായും സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇ-സിം എന്നിവയുടെ ഡിസൈന്‍ സെന്റര്‍ എന്ന നിലയിലായിരിക്കും പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് സമീപം 2 ഏക്കറിലായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കമ്പനി ടെക്‌നോപാര്‍ക്കിലും ഓഫീസ് ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്നും കമ്പനി വിപുലീകരിക്കുമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പ് കേരളം അത്രമേല്‍ നിക്ഷേപകര്‍ക്ക് സംരംഭക സൗഹൃദമായി തോന്നുന്നു എന്നതിന്റെ തെളിവ് കൂടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.