രക്തപരിശോധനാ ഫലം ഡോക്ടർക്ക് നൽകാത്തത് കാരണം രോഗി മരിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി ആശുപത്രി

കൃത്യസമയത്ത് ബ്ലഡ് ടെസ്റ്റ് റിസല്‍ട്ട് ഡോക്ടര്‍മാര്‍ക്ക് നല്‍കാത്തത് കാരണം രോഗി മരിച്ച സംഭവത്തില്‍ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ആശുപത്രി. 2021 ഒക്ടോബര്‍ 17-ന് St Vincent’s University Hospital-ല്‍ വച്ച് 49-കാരിയായ Eilis Cronin-Walsh മരിച്ച സംഭവത്തിലെ വീഴ്ച അംഗീകരിച്ചുകൊണ്ടാണ് ആശുപത്രി അധികൃതര്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്. ഈ കേസില്‍ Dublin District Coroner’s Court-ല്‍ വിചാരണ നടക്കുന്നതിനിടെയാണ് മാപ്പപേക്ഷ.

ഓപ്പറേഷന് ശേഷം ആന്തരികമായി ഉണ്ടായ രക്തസ്രാവമാണ് നാല് കുട്ടികളുടെ അമ്മയായ Eilis Cronin-Walsh-ന്റെ മരണത്തിലേയ്ക്ക് നയിച്ചത്. Co Mayo-യിലെ Ballina-യിലുള്ള Convent Hill Crescent സ്വദേശിയായിരുന്നു ഇവര്‍. മരിക്കുന്നതിന് ഒമ്പത് ദിവസം മുമ്പ് ചെയ്ത ഓപ്പറേഷന് ശേഷം ഇന്‍ഫെക്ഷന്‍ ഉണ്ടാകുകയും, അത് രക്തസ്രാവത്തിലേയ്ക്ക് നയിക്കുകയുമായിരുന്നു.

ഇവരുടെ രക്തം പരിശോധിച്ചതില്‍ നിന്നും ഹീമോഗ്ലാബിന്റെ അളവ് ശരീരത്തില്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ ഫലം നല്‍കാനായി ഇവര്‍ കഴിഞ്ഞിരുന്ന വാര്‍ഡിലേയ്ക്ക് ഉച്ചയ്ക്ക് ലാബില്‍ നിന്നും ഫോണ്‍ വിളിച്ചെങ്കിലും ആരും മറുപടി നല്‍കിയിരുന്നില്ല. രക്തപരിശോധനാ ഫലം ഉടനെ തന്നെ ഡോക്ടര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ വേണ്ട ചികിത്സ നല്‍കി, സ്ത്രീയെ രക്ഷിക്കാന്‍ സാധിച്ചേനെ എന്ന് പിന്നീട് വ്യക്തമായി.

പിന്നീട് രക്തപരിശോധനാ ഫലം വൈകിട്ട് 7 മണിയോടെ സ്റ്റാഫ് നഴ്‌സായ പ്രിയ ജേക്കബ് ആണ് ആദ്യമായി ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് അവര്‍ ഉടന്‍ തന്നെ ഇക്കാര്യം ഡോക്ടറെ അറിയിച്ചു. എന്നാല്‍ പിന്നീട് Cronin Walsh-ന് ഹൃദയഘാതം ഉണ്ടാകുകയും, രാത്രി 9.19-ഓടെ മരിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 12.05-ന് തന്നെ രക്തപരിശോധനാഫലം ലബോറട്ടറിയില്‍ ലഭ്യമായിരുന്നു. രോഗിയുടെ വാര്‍ഡിലേയ്ക്ക് രണ്ട് തവണ ഫലം നല്‍കാനായി സ്റ്റാഫ് വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല എന്നാണ് ലബോറട്ടറി മാനേജര്‍ കോടതിയില്‍ പറഞ്ഞത്. അതേസമയം രോഗിയുടെ സ്ഥിതി മോശമാണെങ്കില്‍ ഉടന്‍ തന്നെ പരിശോധനാഫലം ഡോക്ടറുടെ അടുത്ത് എത്തിക്കണം എന്ന രീതിയുള്ളത് തങ്ങള്‍ പിന്തുടര്‍ന്നില്ല എന്ന് മാനേജര്‍ സമ്മതിച്ചു.

വാര്‍ഡിലേയ്ക്ക് ലാബില്‍ നിന്നും വെറും അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വിചാരണയില്‍ വ്യക്തമായിട്ടുണ്ട്. Cronin-Walsh മരിച്ച ദിവസം ആശുപത്രി വാര്‍ഡിലേയ്ക്ക് പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ലെന്ന് അവരുടെ ഭര്‍ത്താവും വ്യക്തമാക്കി. ഓപ്പറേഷന് ശേഷവും ആശുപത്രിയില്‍ നിന്നും മതിയായ പരിചരണം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Cronin-Walsh-ന്റെ രക്തപരിശോധനാഫലം കൃത്യസമയത്ത് നല്‍കിയിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. അവരുടെ മരണശേഷം ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനായി ആശുപത്രി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ആശുപത്രിയുടെ ഭാഗത്ത് നിന്നും ക്ഷമാപണം നടത്തുന്നതായി ആശുപത്രിക്കായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ക്ഷമാപണം സ്വീകരിക്കുന്നതായി പറഞ്ഞ Cronin-Walsh-ന്റെ മകന്‍ Kevin Walsh, ആശുപത്രിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തിയത് നല്ല കാര്യമാണെന്നും, ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: