ബാങ്ക് ഹോളിഡേ വീക്കെൻഡ് പരിശോധന: അയർലണ്ടിൽ അമിതവേഗത്തിന് പിടിയിലായത് 1,200 ഡ്രൈവർമാർ

വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിച്ച പ്രത്യേക ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് പരിശോധനയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച 1,200-ലധികം ഡ്രൈവര്‍മാരെ പിടികൂടിയതായി ഗാര്‍ഡ. 158 ഡ്രൈവര്‍മാരെ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക എന്നത് നിയമം അനുസരിക്കുന്ന ഒരു പൗരനും ചെയ്യാന്‍ പാടില്ലാത്തതും, ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.

ഞായറാഴ്ച കോര്‍ക്കിലെ M8-ല്‍ 170 കി.മീ വേഗത്തില്‍ അപകടകരമായി വാഹനമോടിച്ച ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ലേണേഴ്‌സ് ലൈസന്‍സ് മാത്രം കൈവശമുണ്ടായിരുന്ന ഇയാളുടെ വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. മാത്രമല്ല പരിശോധനയില്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും മനസിലായി.

അമിതവേഗതയിലും, ലഹരി ഉപയോഗിച്ചും ഉള്ള ഡ്രൈവിങ്ങാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ഗാര്‍ഡ പറഞ്ഞു. നിലവിലെ കാലാവസ്ഥ വൈകുന്നേരങ്ങളില്‍ നേരത്തെ ഇരുട്ട് പരക്കുന്നതും, തണുപ്പേറിയതുമാണ്. റോഡില്‍ നനവ് പടര്‍ന്നിരിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വേഗത കുറച്ച് മാത്രം വാഹനമോടിക്കണമെന്നും ഗാര്‍ഡ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡ്രൈവിങ്ങിനിടെ ക്ഷീണം തോന്നിയാല്‍ വീണ്ടും മുന്നോട്ട് പോകാതെ ഒന്ന് വിശ്രമിച്ച ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: