ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ രാജ്യമെമ്പാടുമായി ഗാര്‍ഡ നടത്തിയ സ്പീഡ് ചെക്കില്‍, 80 കി.മീ വേഗപരിധിയുള്ള സ്ഥലത്ത് 167 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാള്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് പരിശോധന ആരംഭിച്ചത്.
പരിശോധനയുടെ ആദ്യ ദിവസം 283 ഡ്രൈവര്‍മാര്‍ അമിതവേഗത്തിന് പിടിക്കപ്പെട്ടപ്പോള്‍ രണ്ടാം ദിവസം അത് 136 ആയി കുറഞ്ഞു. എന്നാല്‍ പരിശോധനയ്ക്കിടെ കൗണ്ടി മീത്തിലെ Castletown-ല്‍ മണിക്കൂറില്‍ പരമാവധി അനുവദനീയ വേഗം 80 കി.മീ ആയ റോഡിലൂടെ 167 കി.മീ വേഗത്തിലാണ് ഒരാള്‍ കാറുമായി പറന്നത്. Leggagh-യിലെ R162-വിലായിരുന്നു ഇത്.
ഡോണഗലിലെ Manorcunningham-ലുള്ള Maghera Beg N13-ല്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് മറ്റൊരാള്‍ 122 കി.മീ വേഗത്തില്‍ കാറോടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഗോള്‍വേ Newcastle Road-ല്‍ 50 കി.മീ പരിധിയില്‍ 88 കി.മീ വേഗതയില്‍ പോകുക, Kilkenny-യിലെ Callan Road-ല്‍ 60 കി.മീ പരിധിയുള്ളിടത്ത് 90 കി.മീ വേഗതയില്‍ പോകുക എന്നീ നിയമലംഘനങ്ങളും കണ്ടെത്തിയതായി ഗാര്‍ഡ അറിയിച്ചു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടമരണങ്ങള്‍ക്ക് പ്രധാനകാരണം അമിതവേഗമാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗാര്‍ഡ പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.