അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഗാര്‍ഡ ദുബായിലേയ്ക്ക്. അയര്‍ലണ്ടിലെ Drugs and Organised Crime Bureau, Organised and Serious Crime Unit, National Criminal Investigation Bureau എന്നീ യൂണിറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ദുബായ് പൊലീസിനെ സന്ദര്‍ശിക്കാനായി പോയിട്ടുള്ളത്. സംഘടിതകുറ്റകൃത്യം തടയുന്നതിനായി ഇരുസേനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും.
ഇവര്‍ക്ക് പുറമെ ഇന്റര്‍പോളിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനും, UAE-യിലെ Garda Liaison Officer-ഉം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം യുഎഇയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ധാരണയില്‍ അയര്‍ലണ്ട് ഈയിടെ ഒപ്പുവച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളിലെയും പൊലീസ് സേനകള്‍ക്ക് സംയുക്തമായി കേസുകള്‍ അന്വേഷിക്കാനും, പരസ്പരം സഹായം നല്‍കാനും സാധിക്കും. കുപ്രസിദ്ധ ഐറിഷ് ക്രിമിനല്‍ സംഘമായ കിനഹാന്‍ ഗ്യാങ്ങിലെ മുതിര്‍ന്ന അംഗം Sean McGovern, ദുബായില്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ ഒപ്പുവച്ചത്.