ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹച്ചിനെ അദ്ദേഹം താമസിച്ചുവരുന്ന Lanzarote ദ്വീപിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്.
രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജെറി ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഹച്ചിനൊപ്പം ഇയാളുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ചിലരും അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഒമ്പത് പേരില്‍ ഏഴ് പേരെ ജാമ്യത്തില്‍ വിട്ടതായും, രണ്ട് പേരെ റിമാന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. സ്‌പെയിനിലെ താമസസ്ഥലത്തിന് പുറമെ ഡബ്ലിനിലെ Clontarf-ലെ ഹച്ചിന്റെ വീട്ടിലും തിരച്ചില്‍ നടന്നിരുന്നു. ഇതിന് ഗാര്‍ഡ സഹായം നല്‍കി.
അയര്‍ലണ്ടിലെ നിരവധി വമ്പന്‍ മോഷണങ്ങളില്‍ പ്രതിയായ ജെറി ഹച്ചിനെ, 2016-ലെ ഡബ്ലിന്‍ റീജന്‍സി ഹോട്ടല്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കോടതി ഈയിടെ വെറുതെവിട്ടിരുന്നു. 2016 ഫെബ്രുവരി 5-ന് റീജന്‍സി ഹോട്ടലില്‍ വച്ച് ഡേവിഡ് ബയേണ്‍ എന്ന ചെറുപ്പക്കാരനെ ഒരു സംഘം ആളുകള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് ഹച്ചാണ് എന്നായിരുന്നു കേസ്. ഹച്ച് സംഘത്തിന്റെ എതിരാളികളായ കിനഹാന്‍ ഗ്യാങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളായിരുന്നു ഡേവിഡ് ബയേണ്‍. കിനഹാന്‍ സംഘത്തിലെ ഡാനിയേല്‍ കിനഹാന്‍ ആയിരുന്നു ലക്ഷ്യമെന്നും, അത് മാറി ബയേണിന് വെടിയേല്‍ക്കുകയായിരുന്നുവെന്നുമാണ് ഗാര്‍ഡയുടെ നിഗമനം.
അതേസമയം അയര്‍ലണ്ടിലെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ടിഡി സ്ഥാനത്തേയ്ക്ക് ജെറി ഹച്ച് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹച്ച്, കിനഹാന്‍ സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ഗാര്‍ഡ അന്വേഷണവും തുടരുകയാണ്.