അയർലണ്ടിൽ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ക്രിമിനൽ സംഘ തലവനായ ജെറി ഹച്ച് മത്സരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ‘ദി മങ്ക്’ എന്ന് അറിയപ്പെടുന്ന ഹച്ച്, ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. 4 സീറ്റുകൾ ഉള്ള മണ്ഡലത്തിലെ നോർത്ത് ഇന്നർ സിറ്റിയിൽ ആണ് ഹച്ച് ജനിച്ചത്.
2016-ൽ ഡബ്ലിൻ റീജൻസി ഹോട്ടലിൽ നടന്ന വെടിവെപ്പിൽ ഡേവിഡ് ബയേൺ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഹച്ചിനെ കോടതി ഈയിടെ വെറുതെ വിട്ടിരുന്നു. ഹച്ച് – കിനഹാൻ കുടിപ്പകയുടെ ഭാഗമായായിരുന്നു ഈ വെടിവെപ്പ്.
അയർലണ്ടിൽ നടന്ന കുപ്രസിദ്ധമായ പല വമ്പൻ കൊള്ളകൾക്കും പിന്നിൽ 61-കാരനായ ഹച്ചും സംഘവും ആണെന്നാണ് കരുതുന്നത്. 30 കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. ഡബ്ലിനിലെ വീട്ടിലും, സ്പാനിഷ് ദ്വീപ് ആയ Lanzarote-യിലും ആയാണ് ഇയാൾ താമസിച്ചുവരുന്നത്.
അതേസമയം ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കുക വഴി നിലവിൽ ജനപ്രീതിയിൽ പിന്നോട്ട് പോയിട്ടുള്ള Sinn Fein- ന്റെ വോട്ടുകൾ പിടിക്കാം എന്നാണ് ഹച്ച് കണക്കുകൂട്ടുന്നത്. പാർട്ടി ഈയിടെയായി നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടതും ഹച്ചിന് ഗുണകരമയേക്കും എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. Sinn Fein പാർട്ടി നേതാവും, പ്രതിപക്ഷ നേതാവുമായ മേരി ലൂ മക്ഡോണൾഡ് ഡബ്ലിൻ സെൻട്രലിൽ നിന്നുമാണ് നിലവിൽ വിജയിച്ചുവന്നിരിക്കുന്നത്.