ഡബ്ലിനിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ 2.45-ഓടെ Belgard Road-ൽ വച്ചാണ് സംഭവം. ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയപ്പോൾ കത്തിയുമായി പ്രതി ഡ്രൈവറെ സമീപിക്കുകയായിരുന്നു. ഡ്രൈവർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
കാറിൽ കയറിയ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ മറ്റൊരിടത്തേക്ക് ഓടിക്കാൻ ആവശ്യപ്പെട്ടെങ്കിലും, കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ട ഡ്രൈവർ, സംഭവം ഗാർഡയെ അറിയിക്കുകയായിരുന്നു.
ശേഷം സ്ഥലത്തെത്തിയ ഗാർഡ ആളില്ലാത്ത നിലയിൽ ആണ് കാർ കണ്ടെത്തിയത്. എന്നാൽ കാറിന് അടുത്ത് വച്ചുതന്നെ പ്രതിയെ പിടികൂടി. ഇയാൾക്ക് 30-ലേറെ പ്രായമുണ്ട്. ഇയാളെ സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.