ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ചുള്ള പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി Bank of Ireland. ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, പരിഹരിക്കാനായി ലൈവ് ചാറ്റ് സര്‍വീസുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഒപ്പം കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്ക് വിവരങ്ങള്‍, ആക്ടിവേഷന്‍ കോഡുകള്‍ മുതലായവയും ചോദിക്കുന്നുണ്ട്.
ലൈവ് ചാറ്റ് വഴിയുള്ള തട്ടിപ്പുകള്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്നതായും, ഉപഭോക്താക്കളുടെ കംപ്യൂട്ടർ റിമോട്ട് ആക്‌സസ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനാണ് തട്ടിപ്പുകാരുടെ ശ്രമമെന്നും Bank of Ireland മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്കില്‍ നിന്നെന്ന പേരില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബാങ്കിങ് ലോഗിന്‍ ചെയ്യാനാണ് ആദ്യം തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ മറ്റൊരു വെബ്‌സൈറ്റിന്റെ അഡ്രസ് നല്‍കി ലൈവ് ചാറ്റ് സര്‍വീസില്‍ കയറാന്‍ ആവശ്യപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ വെരിഫൈ ചെയ്യുന്നതിനായി വെബ്‌സൈറ്റില്‍ കയറാന്‍ പറയും. ഇങ്ങനെ ചെയ്താല്‍ കംപ്യൂട്ടര്‍, തട്ടിപ്പുകാര്‍ക്ക് ദൂരെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ മനസിലാക്കിയെടുക്കുന്നു. ട്രാന്‍സാക്ഷന്‍ ആരംഭിച്ച ശേഷം നിങ്ങളെ വിളിച്ച് Bank of Ireland-ല്‍ നിന്നും വന്ന വണ്‍ ടൈം പാസ്‌വേര്‍ഡും ആവശ്യപ്പെടുന്നു. ഇത് നല്‍കിയാല്‍ പിന്നെ അക്കൗണ്ട് കാലിയാകുകയാണ് ചെയ്യുക.
ഇത്തരം കോളുകള്‍ ലഭിച്ചാല്‍ അവര്‍ ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകളില്‍ കയറാതെ ഉടന്‍ കോള്‍ കട്ട് ചെയ്യണം. പറ്റിക്കപ്പെട്ടതായി മനസിലാക്കിയാല്‍ മടിച്ചുനില്‍ക്കാതെ ഉടന്‍ ഗാര്‍ഡയുമായും, ബാങ്കുമായും ബന്ധപ്പെടണം. ശരിക്കും ബാങ്കില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ പോലും വണ്‍ ടൈം പാസ്‌വേര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ എന്നിവ നല്‍കരുത് എന്നും ബാങ്ക് അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.