2024-ന്റെ ആദ്യ പകുതിയില്‍ ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകള്‍ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 17.9 മില്യണ്‍ എന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ക്കിടെ ഡബ്ലിനില്‍ യാത്രക്കാരുടെ എണ്ണം 5% വര്‍ദ്ധിച്ചപ്പോള്‍, കോര്‍ക്കിലെ വര്‍ദ്ധന 11% ആണ്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍പോര്‍ട്ട് എന്ന ഖ്യാതിയും കോര്‍ക്ക് നേടി.
ഇരു എയര്‍പോര്‍ട്ടുകളുടെയും നടത്തിപ്പുകാരായ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) ഗ്രൂപ്പിന്റെ വരുമാനം 504.3 മില്യണ്‍ യൂറോ ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മുന്‍ വര്‍ഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് 10% ആണ് വരുമാനത്തിലെ വര്‍ദ്ധന. ഗ്രൂപ്പിന്റെ ലാഭമാകട്ടെ 2023-ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 44% ഉയര്‍ന്ന് 83.1 മില്യണ്‍ യൂറോയും ആയി.
അതേസമയം വരുമാനം വര്‍ദ്ധിച്ചെങ്കിലും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള യാത്രക്കാരുടെ പരിധിയായ 32 മില്യണ്‍ എന്നതും, പ്ലാനിങ് പ്രശ്‌നങ്ങളും വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും, 2025-ലും തിരിച്ചടിയാകുമെന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) മേധാവി കെന്നി ജേക്കബസ് പറയുന്നത്. രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസരിച്ച് വളരാനുള്ള എയര്‍പോര്‍ട്ടിന്റെ സാദ്ധ്യതകള്‍ക്ക് വിലങ്ങുതടിയാണിവയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ പരിധി 40 മില്യണ്‍ ആയി ഉയര്‍ത്താന്‍ DAA കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.