IRP കാർഡ് പുതുക്കൽ എല്ലാ കൗണ്ടികളിലും ഇനി ഓൺലൈനിലൂടെ മാത്രം

അയര്‍ലണ്ടില്‍ IRP കാര്‍ഡ് പുതുക്കുന്നതിനുള്ള എല്ലാ അപേക്ഷകളും നവംബര്‍ 4 മുതല്‍ ഓണ്‍ലൈനില്‍ മാത്രമാക്കി അധികൃതര്‍. ഇതിനായി ഇനിമുതല്‍ ഗാര്‍ഡ സ്‌റ്റേഷനുകളില്‍ പോകേണ്ടതില്ലെന്നും, ഏത് കൗണ്ടിയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കും ISD online renewal portal (https://inisonline.jahs.ie/user/login) വഴി ഇതിനായി അപേക്ഷ നല്‍കാമെന്നും നീതിന്യായവകുപ്പ് വ്യക്തമാക്കി. Garda National Immigration Bureau (GNIB) ആണ് നിലവില്‍ ഇക്കാര്യം കൈകാര്യം ചെയ്തുവരുന്നത്. ഇത് Registration Office of Immigration Service Delivery (ISD) -ക്ക് കൈമാറിക്കൊണ്ടാണ് വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

പ്രത്യേകമായി ആവശ്യപ്പെടാത്ത പക്ഷം Burgh Quay Registration Office-ലും നേരിട്ട് ഹാജരായി IRP പുതുക്കലിന് അപേക്ഷ നല്‍കേണ്ടതില്ലെന്നും, ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കാമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏത് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്കും ഓണ്‍ലൈനായി കാര്‍ഡ് പുതുക്കല്‍ അപേക്ഷ ഇപ്പോള്‍ തന്നെ നല്‍കിത്തുടങ്ങാവുന്നതാണ്. അപേക്ഷയ്‌ക്കൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ കാര്‍ഡ് കാലാവധി തീരുന്നതിന് കുറഞ്ഞത് 12 ആഴ്ച മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ടെന്ന് വകുപ്പ് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. നടപടിക്രമങ്ങള്‍ക്ക് ആവശ്യത്തിന് സമയം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്.

ISD-ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍, അതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായി എന്ന് ഓരോ സമയവും അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. അപേക്ഷ നല്‍കുന്നതിനുള്ള വിശദവിവരങ്ങള്‍ ഇവിടെ: https://www.irishimmigration.ie/wp-content/uploads/2024/10/Guide-on-Engaging-with-ISD-Registration-Office-Services.pdf

പുതുക്കിയ കാര്‍ഡുകള്‍ നിങ്ങള്‍ അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന അഡ്രസിലേയ്ക്ക് അയച്ചുതരുന്നതാണ്.

അതേസമയം ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ Dublin, Meath, Kildare, Wicklow, Cork, Limerick ഇവയില്‍ ഏതെങ്കിലും കൗണ്ടിയിലാണ് താമസമെങ്കില്‍ ഡബ്ലിനിലെ Burgh Quay-യില്‍ നേരിട്ടെത്തി വേണം രജിസ്റ്റര്‍ ചെയ്യാന്‍. മറ്റ് കൗണ്ടികളില്‍ ഉള്ളവര്‍ ലോക്കല്‍ ഗാര്‍ഡ ഇമിഗ്രേഷന്‍ ഓഫീസിലും. കാര്‍ഡ് പുതുക്കുന്നവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ സൗകര്യം.

Share this news

Leave a Reply

%d bloggers like this: