പൊതു പാര്‍ക്കിങ് മീറ്ററുകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പതിപ്പിച്ചുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍. പാര്‍ക്കിങ് ഫീസ് നല്‍കുന്ന പേ ആന്‍ഡ് ഡിസ്‌പ്ലേ മെഷീനുകളുടെ സൈഡിലും, ശരിയായ ക്യുആര്‍ കോഡിന് മുകളിലുമായി വ്യാജ കോഡുകള്‍ ഒട്ടിച്ചുവച്ചിരിക്കുന്നതായാണ് കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ കാണുന്നത്. Quishing എന്നാണ് ഇത്തരം തട്ടിപ്പിന് പറയുന്നത്.
യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം ഈ കോഡ് സ്‌കാന്‍ ചെയ്താല്‍, വ്യാജ വെബ്‌സൈറ്റിലാണ് എത്തുക. ഇവിടെ നിന്നും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പിന്‍ നമ്പര്‍, മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ എന്നിവയെല്ലാം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.
തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതായി പറയുന്ന കൗണ്‍സില്‍, സംഭവം അന്വേഷിക്കുന്നതിനായി ഗാര്‍ഡയുമായി ബന്ധപ്പെട്ടതായും വ്യക്തമാക്കി. അന്വേഷണമാരംഭിച്ചതായി ഗാര്‍ഡയും അറിയിച്ചിട്ടുണ്ട്. സമാനമായ മുന്നറിയിപ്പുമായി വിക്ക്‌ലോ കൗണ്ടി കൗണ്‍സിലും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
Payzone ആണ് കൗണ്‍സിലുകള്‍ക്ക് വേണ്ടി ഇത്തരം മെഷീനുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നത്. തട്ടിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ മെഷീനുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് പകരം Payzone ആപ്പ് വഴി പാര്‍ക്കിങ് ഫീ അടയ്ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.