അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO അംഗങ്ങൾക്കിടയിൽ ഇന്ന് അഭിപ്രായ വോട്ടെടുപ്പ്

HSE-യുടെ റിക്രൂട്ട്‌മെന്റ് രീതിക്കെതിരെ സമരം നടത്താന്‍ ആലോചനയുമായി The Irish Nurses and Midwives Organisation (INMO). ആവശ്യത്തിന് നഴ്‌സുമാരെയും, ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കാത്തതു കാരണം തങ്ങളുടെ അംഗങ്ങളടക്കം ആശുപത്രികളിലും മറ്റും അമിതസമ്മര്‍ദ്ദം അനുഭവിക്കുകയും, അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനുള്ള നീക്കം. ഇതിന്റെ ഭാഗമായി സമരം വേണമോ എന്നത് സംബന്ധിച്ച് INMO ഇന്ന് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് വോട്ടെടുപ്പ് നടത്തുകയാണ്.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി ഏറെ നേരം കാത്തുനില്‍ക്കേണ്ടിവരുന്നതായും, സമയത്ത് ചികിത്സ ലഭിക്കാത്തത് കാരണം ചില രോഗികള്‍ മരണത്തിന് കീഴടങ്ങിയതയും ഉള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. Univesrsity Hospital Limerick, Cork Univesrity Hospital അടക്കമുള്ള പ്രധാനപ്പെട്ട പല ആശുപത്രികളിലും രോഗികളുടെ അമിതമായ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്.

ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തത് കാരണം നിലവിലുള്ളവര്‍ അധിക ഷിഫ്റ്റുകളിലും, അവധിദിവസങ്ങളിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. ചികിത്സ കിട്ടാന്‍ വൈകുന്ന രോഗികളോ, കൂടെയുള്ളവരോ നഴ്‌സുമാരോടും, ഡോക്ടര്‍മാരോടും ദേഷ്യം കാണിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലടക്കം ആവശ്യത്തിന് നഴ്‌സുമാരില്ലാത്ത സ്ഥിതിയാണ്. ലീവുകള്‍, മറ്റേണിറ്റി ലീവുകള്‍, റിട്ടയര്‍മെന്റ് എന്നിവയെല്ലാം ജീവനക്കാരുടെ എണ്ണം കുറയുന്നതിന് കാണമായിട്ടുണ്ട്.

അധിക ഷിഫ്റ്റുകളിലും, അവധി ദിവസങ്ങളിലുമെല്ലാം നഴ്‌സുമാര്‍ ജോലി ചെയ്‌തോളും എന്നാണ് HSE കരുതുന്നതെന്നും, വരുന്ന ശൈത്യകാലത്തും അത് തുടരുമെന്നാണ് അധികൃതരുടെ ധാരണ എന്നും INMO പ്രസിഡന്റ് Caroline Gourley പറഞ്ഞു. HSE-യുടെ Pay and Numbers Strategy സമയവും, അദ്ധ്വാനവും പാഴാക്കുകയാണെന്നും, റിക്രൂട്ട്‌മെന്റ് വൈകിപ്പിക്കുകയും ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 12 മാസം വരെയാണ് നിലവിലെ റിക്രൂട്ട്‌മെന്റ് സമയം.

ഒക്ടോബര്‍ 3 മുതല്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ യൂണിയന്‍ അംഗങ്ങളായ നഴ്‌സുമാര്‍ HSE-ക്കും, ആരോഗ്യവകുപ്പിനുമെതിരെ പ്രതിഷേധങ്ങള്‍ നടത്തിവരുന്നുണ്ട്. INMO, Forsa, SIPTU അടക്കമുള്ള യൂണിയനുകളാണ് പ്രതിഷേധങ്ങള്‍ നടത്തുന്നത്.

അതേസമയം രാജ്യത്ത് ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 20,000-ല്‍ അധികം ആരോഗ്യപ്രവര്‍ത്തകരുടെ നിയമനം നടത്തിയതായി HSE പറഞ്ഞു. ഇതില്‍ 9,375 പുതിയ നഴ്‌സുമാരെയും, മിഡ്‌വൈഫുമാരും ഉള്‍പ്പെടുന്നുവെന്നും HSE പറയുന്നു.

Share this news

Leave a Reply

%d bloggers like this: