അയർലണ്ടിന്റെ അപ്പൂപ്പൻ 108-ആം വയസിൽ വിടവാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 108-ആം വയസ്സില്‍ വിടവാങ്ങി. കൗണ്ടി ഗോള്‍വേയിലെ Rosscahill സ്വദേശിയായ Martin McEvilly എന്ന ‘അയര്‍ലണ്ടിന്റെ അപ്പൂപ്പന്‍’ ബുധനാഴ്ച അന്തരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

1916 ജൂലൈ 26-നാണ് Martin McEvilly ജനിച്ചത്. 11 മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു അദ്ദേഹം. കുടുംബത്തില്‍ മിക്കവരും ദീര്‍ഘായുസ്സിന് പേര് കേട്ടവരും, ഇദ്ദേഹത്തിന്റെ പല സഹോദരങ്ങളും 90 വയസിന് മേല്‍ ജീവിച്ചിരുന്നവരും ആണ്. 2021-ല്‍ McEvilly-യുടെ ഭാര്യ നിര്യാതയായിരുന്നു. ഇതേ വര്‍ഷമായിരുന്നു ഈ ദമ്പതികള്‍ 75-ആം വിവാഹവാര്‍ഷികം ആഘോഷിച്ചത്.

തന്റെ ജീവിതത്തിലെ ആദര്‍ശം ‘എല്ലാത്തിലുമുള്ള മിതത്വം’ ആണെന്ന് കഴിഞ്ഞ വര്‍ഷം Martin McEvilly പറഞ്ഞിരുന്നു. രാത്രി 7 മണിക്ക് മുമ്പായി ഭക്ഷണം കഴിക്കുക, മദ്യപാനം എന്നാല്‍ ഞായറാഴ്ചകളില്‍ വൈകിട്ട് മൂന്ന് ഗ്ലാസ് ഗിന്നസ് മാത്രമാക്കുക, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശീലമായിരുന്നു. 99 വയസ് വരെ റോഡിലൂടെ സൈക്കിള്‍ സവാരി നടത്തിയ McEvilly, 105 വയസ് വരെ വീട്ടിനകത്ത് സൈക്കിള്‍ ഉപയോഗിച്ചിരുന്നു.

ലാന്‍ഡ് കമ്മീഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. വാര്‍ദ്ധക്യകാലത്ത് Rosscahill-ലെ വീട്ടില്‍ മക്കളാണ് അദ്ദേഹത്തെ പരിപാലിച്ചത്.

Martin McEvilly-യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് Killannin-ലെ Church of Immaculate Heart of Mary-യില്‍ നടക്കും.

Share this news

Leave a Reply

%d bloggers like this: