അയർലണ്ടിൽ പത്തിലൊന്നു പേർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നു; നിങ്ങൾ അതിൽ ഒരാളാണോ?

അയർലണ്ടിലെ പത്തിൽ ഒന്ന് ഡ്രൈവർമാരും വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സർവേ ഫലം. ഡബ്ലിനിൽ വച്ചു നടന്ന റോഡ് സുരക്ഷാ അതോറിറ്റി (RSA)-യുടെ International Road Safety Conference-ലാണ് രാജ്യത്തെ 9% ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി വെളിപ്പെടുത്തൽ ഉണ്ടായത്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർ പല തരത്തിൽ ഉള്ളവരാണെന്ന് കോൺഫറൻസിൽ സംസാരിച്ച University of Galway-ലെ ഫോറൻസിക് സൈക്കോളജിസ്റ്റ് അസോസിയേറ്റ് പ്രൊഫസർ കിരൺ ശർമ്മ പറഞ്ഞു. സദാ സമയവും മൊബൈൽ ഉപയോഗിക്കുന്നവരാണ് ഒരു കൂട്ടർ. മറ്റൊരു കൂട്ടം പേർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാലും നിയന്ത്രണം കയ്യിലുണ്ട് എന്ന അമിത ആത്മവിശ്വാസം ഉള്ളവരാണ്. മൊബൈൽ ഉപയോഗിച്ചാലും പിടിക്കപ്പെടില്ല എന്നും ചിലർ കരുതുന്നു. വേറെ ഒരു കൂട്ടർ മൊബൈലിൽ വരുന്ന ഒരു കോളോ, മെസേജോ, നോട്ടിഫിക്കേഷനോ പോലും വിട്ട് കളയരുത് എന്ന് ചിന്തിക്കുന്ന മൊബൈൽ അഡിക്ഷൻ ഉള്ളവർ ആണ്.

ഏത് സാഹചര്യം ആയാലും ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കാൻ ആർക്കും അവകാശം ഇല്ലെന്ന് കോൺഫറൻസിൽ പങ്കെടുത്ത ഗതാഗത വകുപ്പ് സഹമന്ത്രി James Lawless വ്യക്തമാക്കി. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന ഈ പെരുമാറ്റം ബോധവൽക്കരണം, നിയമ പാലനം മുതലായവ വഴി നിർത്തലാക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: