ചലച്ചിത്ര താരം ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും വർഷങ്ങളായി കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവൻ എന്ന വൃദ്ധ സദനത്തിൽ ആയിരുന്നു താമസം.
മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ A. M. M. A- യുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു ടി.പി മാധവൻ. 40-ആം വയസിൽ സിനിമയിൽ എത്തിയ അദ്ദേഹം 600-ഓളം ചിത്രങ്ങളിൽ വേഷമിട്ടു.
2015-ൽ ഹരിദ്വാർ യാത്രയ്ക്കിടെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് അതീവഗുരുതരാവസ്ഥയിലാവുകയും ഒരാഴ്ചയോളം ആശുപത്രിയിൽ ഐ.സിയുവിലുമായിരുന്നു. ആ സമയത്താണ് പക്ഷാഘാതമുണ്ടാവുന്നത്. പിന്നീട് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ ആശ്രയമില്ലാതെ കഴിഞ്ഞ അദ്ദേഹത്തെ സീരിയൽ സംവിധായകനായ പ്രസാദ് ആണ് ഗാന്ധി ഭവനിൽ എത്തിച്ചത്. അവിടെ നിന്നും ചില സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചു. പിന്നീട് മറവി രോഗം ബാധിച്ചതോടെ അഭിനയം നിന്നു.
നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ്, സന്ദേശം, കളിക്കളം, വിയറ്റ്നാം കോളനി, ലേലം, നരസിംഹം, പുലിവാൽ കല്യാണം, തെങ്കാശിപ്പപട്ടണം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് ടി.പി മാധവൻ ശ്രദ്ധേയമായ കതപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. 1975-ൽ ഇറങ്ങിയ രാഗം ആണ് ആദ്യ ചിത്രം.