അയർലണ്ടിൽ മഞ്ഞുകാലം എത്തിപ്പോയ്; കാറുമായി റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ ശൈത്യകാലം അടുത്തിരിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഒരുപിടി സുരക്ഷാ മുന്നറിയിപ്പുകളുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). റോഡുകളില്‍ ഐസ് രൂപപ്പെടാനുള്ള സാധ്യതയും, തെന്നിവീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുമെല്ലാം മുന്നില്‍ക്കണ്ടാണ് RSA മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

തണുപ്പിനെ നേരിടാന്‍ വാഹനങ്ങളെ സജ്ജമാക്കാം

ശൈത്യകാലം പലവിധത്തില്‍ വാഹനങ്ങളെ ബാധിക്കും. അതിനാല്‍ ശൈത്യത്തെ നേരിടാന്‍ വാഹനത്തെ സജ്ജമാക്കുക എന്നത് ഏറെ പ്രധാനമാണ്. ആദ്യമായി വാഹനം ശൈത്യകാലത്തിന് മുമ്പ് തന്നെ സര്‍വീസ് ചെയ്ത് എല്ലാ തരത്തിലും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. ഏത് കാലാവസ്ഥയിലും കൃത്യമായി വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കാന്‍ ക്ഷമതയുള്ളതായിരിക്കണം.

ടയര്‍

തണുപ്പുകാലത്തുള്ള അപകടങ്ങള്‍ തടയാന്‍ ടയറുകളുടെ കാര്യക്ഷമത അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്. NCT-യില്‍ മിക്കപ്പോഴും വാഹനങ്ങള്‍ പരാജയപ്പെടാന്‍ കാരണവും നല്ല ടയറുകളുടെ അഭാവമാണ്. അതിനാല്‍ ശൈത്യം തുടങ്ങുന്നതിന് മുമ്പ് തന്നെ ടയറുകള്‍ നല്ല ഗ്രിപ്പ് ഉള്ളവയാണെന്ന് ഉറപ്പാക്കണം. തേയ്മാനം കാരണം നിയമം അനുശാസിക്കുന്നത്ര ഗ്രിപ്പ് ടയറുകള്‍ക്ക് ഇല്ലെങ്കില്‍, അവശ്യ സമയത്ത് ബ്രേക്ക് കിട്ടാതെ വരിക, വളയ്ക്കുമ്പോഴും മറ്റും തെന്നിപ്പോകുക എന്നിങ്ങനെ വിവിധ അപകടങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ഗ്രിപ്പ് ഡെപ്ത് ചെക്ക് ചെയ്യുക.

ഗ്രിപ്പ് പോലെ തന്നെ കൃത്യം പ്രഷറും ടയര്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ അനിവാര്യമാണ്. ടയറില്‍ ശരിയായ അളവില്‍ കാറ്റുണ്ട് എന്ന് ഇടയ്ക്കിടെ ഉറപ്പാക്കണം. ഒക്ടടോബര്‍ 7 മുതല്‍ 13 വരെയുള്ള Irish Road Safety Week-ല്‍ രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും ടയര്‍ പ്രഷര്‍, ഗ്രിപ്പ് ഡെപ്ത് എന്നിവ Irish Tyre Industry Association (ITIA) സൗജന്യമായി ചെക്ക് ചെയ്യുന്നതാണ്.

അടുത്തുള്ള ITIA ഡീലറെ കണ്ടെത്തുന്നതിനായി: https://itia.ie/

ലൈറ്റുകള്‍

സിഗ്നല്‍ ലൈറ്റുകളടക്കം വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുക. പലപ്പോഴും കനത്ത മഞ്ഞുവീഴ്ചയുള്ളപ്പോള്‍ റോഡ് കാണാന്‍ സാധിക്കാതെ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഫോഗ് ലാംപുകള്‍ ഉപയോഗിക്കുക. അവ പ്രവര്‍ത്തനക്ഷമമാണെന്ന് നേരത്തെ ഉറപ്പിക്കുക. ഓട്ടോമാറ്റിക് ലൈറ്റിങ് സംവിധാനം ഇപ്പോഴത്തെ മിക്ക വാഹനങ്ങളിലും ഉണ്ടെങ്കിലും, അവ ഓണ്‍ ആണെന്ന് സ്വയം ഇറങ്ങി നോക്കി ഉറപ്പിക്കുന്നതും നല്ലതാണ്.

വെള്ളപ്പൊക്കം

ശക്തമായ മഴ ഈയിടെയായി പലപ്പോഴും വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാല്‍ അതിലൂടെ വാഹനമോടിക്കാന്‍ ശ്രമിക്കരുത്. കാണാത്ത വലിയ കുഴികള്‍ വെള്ളത്തിനടിയില്‍ ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെ വഴി പോകാം.

റോഡിലെ അകലം

റോഡില്‍ മുമ്പിലെ വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം ഇട്ട് വേണം പുറകിലെ വാഹനം പോകുവാന്‍. വേഗതയും കുറയ്ക്കണം. മഞ്ഞോ, നനവോ ഉള്ളപ്പോള്‍ പ്രത്യേകിച്ചും പ്രതീക്ഷിച്ച പോലെ ബ്രേക്ക് കിട്ടിയെന്ന് വരില്ല.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

രാജ്യത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അപ്പപ്പോഴുള്ള കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കുകയും, ആവശ്യമെങ്കില്‍ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അവ അവഗണിക്കരുത്. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ വളരെ അത്യാവശ്യം ആണെങ്കില്‍ മാത്രമേ യാത്ര പാടുള്ളൂ. റിസ്‌ക് എടുക്കേണ്ടതില്ല.

വേഗത

അമിതവേഗം തന്നെയാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വേഗത കുറയ്ക്കുക- നിങ്ങളുടെ സുരക്ഷയ്ക്കും, മറ്റുള്ളവരുടെ സുരക്ഷയ്ക്കും.

സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍

യാത്രയ്ക്കിടെ കാറുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഇടുക. അപകടം ഉണ്ടാകില്ല എന്ന ആത്മവിശ്വാസത്തില്‍ പലരും ബെല്‍റ്റിടാതെ പോകാറുണ്ട്. എന്നാല്‍ മുന്‍കരുതലാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് മനസിലാക്കുക. ഡ്രൈവര്‍ മാത്രമല്ല, വാഹനത്തിലെ എല്ലാവരും സീറ്റ് ബെല്‍റ്റ് ഇടണം.

ഒപ്പം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

ട്രാഫിക് സിഗ്നലുകള്‍

ട്രാഫിക് സിഗ്നലുകള്‍ കൃത്യമായി പാലിക്കുക. കാരണം അത് വിശ്വസിച്ചാണ് മറ്റ് ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരുമെല്ലാം പെരുമാറുന്നത്. ഒരാള്‍ സിഗ്നല്‍ തെറ്റിച്ചാല്‍പ്പോലും അപകടമുണ്ടാകാം.

കാല്‍നടയാത്രക്കാര്‍

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ തണുപ്പേറിയ മാസങ്ങളില്‍ കാല്‍നടയാത്രക്കാര്‍ അപകടങ്ങളില്‍ പെടുന്നത് അധികമാണ്. റോഡില്‍ ഡ്രൈവര്‍മാരെ പോലെ തന്നെ കാല്‍നടയാത്രക്കാരും അതീവജാഗ്രത പുലര്‍ത്തണം. തണുപ്പ് കാലത്ത് റോഡിലും, ഫുട്പാത്തിലുമെല്ലാം മഞ്ഞുവീണ് തെന്നല്‍ അനുഭവപ്പെടാം. അതിനാല്‍ നടക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. മഞ്ഞുവീഴ്ച കാരണം കാഴ്ച കുറയുമെന്നതിനാല്‍, ചുറ്റുപാടും അധികശ്രദ്ധയും വേണം.

Share this news

Leave a Reply

%d bloggers like this: