അയർലണ്ടിൽ ഈ മാസം തെരഞ്ഞെടുപ്പ് നടത്തണമെന്ന് പകുതിയിലേറെ ജനങ്ങൾ; ബജറ്റ് അവതരണം തെരെഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാൻ എന്ന് വിമർശനം

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് എന്നാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, തെരഞ്ഞെടുപ്പ് ഈ മാസം തന്നെ നടത്തണമെന്നാണ് രാജ്യത്തെ പകുതിയിലേറെ ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം. 2025 മാര്‍ച്ച് വരെ നിലവിലെ സഖ്യസര്‍ക്കാരിന് കാലാവധിയുണ്ടെങ്കിലും, രാജ്യത്തെ 55% പേരും തെരഞ്ഞെടുപ്പ് ഈ മാസമോ, അടുത്ത മാസമോ നടത്തണമെന്ന് അഭിപ്രായപ്പെടുന്നുവെന്നാണ് Sunday Independent/Ireland Think നടത്തിയ പുതിയ സര്‍വേ പറയുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് 56% പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് അതിന്റെ സമയത്ത് നടക്കും എന്നാണ് പ്രധാനമന്ത്രിയും, Fine Gael പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസ് പറയുന്നത്. സര്‍ക്കാര്‍ മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കുമെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് പല പ്രധാന കാര്യങ്ങളും ചെയ്തുതീര്‍ക്കാനുണ്ടെന്നും ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിനും പറയുന്നു. മറുവശത്ത് തെരഞ്ഞെടുപ്പിന് തങ്ങള്‍ സജ്ജമായിക്കഴിഞ്ഞുവെന്നാണ് പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ നിലപാട്.

ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിന് ശേഷവും സര്‍ക്കാര്‍ കക്ഷികളായ Fine Gael, Fianna Fail എന്നിവര്‍ ജനപ്രീതിയില്‍ മുന്നില്‍ത്തന്നെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നുണ്ട്. 53% ജനങ്ങളുടെ പിന്തുണയുള്ള പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്നെയാണ് നിലവില്‍ രാജ്യത്ത് ഏറ്റവും പ്രിയങ്കരനായ രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Fine Gael, 26% ജനങ്ങളുടെ പിന്തുണയോടെ ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന പാര്‍ട്ടിയുമാണ്.

അതേസമയം കഴിഞ്ഞയാഴ്ചത്തെ ബജറ്റ്, തെരഞ്ഞെടുപ്പിനെ വിലയ്‌ക്കെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ആണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. Fianna Fail-നെ പിന്തുണയ്ക്കുന്ന 61% പേരും, Fine Gael-നെ പിന്തുണയ്ക്കുന്ന 46% പേരും, Sinn Fein-നെ അനുകൂലിക്കുന്ന 96% പേരും ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സര്‍വേ പ്രകാരം പാര്‍ട്ടികളുടെ നിലവിലെ ജനപ്രീതി ഇപ്രകാരമാണ്:

Fine Gale- 26%
Fianna Fail- 19%
Sinn Fein- 19%
Social Democrats- 6%
Labour Party- 5%
Aontu- 4%
Independants and Others- 16%

Green Party, People Before Profit-Solidarity എന്നിവരുടെ പിന്തുണ മുന്‍പത്തെ പോലെ തന്നെ തുടരുകയാണ്.

പാര്‍ട്ടി നേതാക്കളുടെ ജനപിന്തുണ ഇപ്രകാരം:

Simon Harris- 53%
Micheal Martin- 50%
Holly Cairns (Social Democrats)- 40%
Mary Lou McDonald (Sinn Fein)- 34%

Share this news

Leave a Reply

%d bloggers like this: