ഡബ്ലിൻ ബസുകളിൽ സുരക്ഷയൊരുക്കാൻ ഇനി Safer Journeys Team

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡബ്ലിൻ ബസ് നടപ്പിലാക്കുന്ന Safer Journeys Team ഉടൻ പ്രവർത്തനം ആരംഭിക്കും. 20 ആഴ്ചത്തെ പരീക്ഷണ പദ്ധതി ആയി നടപ്പിലാക്കുന്ന ടീമിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ ആണ് ഉണ്ടാകുക. ഇതിൽ ഒന്ന് ഡബ്ലിന്റെ നോർത്ത് സൈഡിലും, മറ്റൊന്ന് സൗത്ത് സൈഡിലും പ്രവർത്തിക്കും. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം നൽകാൻ ഇനി മുതൽ ഈ സംഘങ്ങൾ എത്തും.

ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ പുലർച്ചെ 2 മണി വരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ പുലർച്ചെ 4 മണി വരെയും ആണ് ടീമുകൾ സുരക്ഷയൊരുക്കാൻ ഉണ്ടാകുക.

2019 മുതൽ ഡബ്ലിനിലെ ബസുകളിൽ യാത്രക്കാർക്ക് നേരെയും, ജീവനക്കാർക്ക് നേരെയും നിരവധി അക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതെതുടർന്ന് ബസുകളിൽ സുരക്ഷ ഒരുക്കണമെന്ന ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് ഈ പദ്ധതി.

അതേസമയം പദ്ധതിയെ സ്വാഗതം ചെയ്യുന്നെങ്കിലും സുരക്ഷ ഒരുക്കാൻ പ്രത്യേക ഗാർഡ സംഘം വേണം എന്ന ആവശ്യം തങ്ങൾ ഇപ്പോഴും മുറുകെ പിടിക്കുന്നുവെന്ന് ബസ് ജീവനക്കാരുടെ സംഘടനകൾ പ്രതികരിച്ചു.

സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആണ് Safer Journeys ടീം പ്രധാനമായും സാന്നിധ്യം ഉറപ്പിക്കുക. 20 ആഴ്ചത്തെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും പദ്ധതിയുടെ ഭാവി.

Share this news

Leave a Reply

%d bloggers like this: