ശക്തരായ സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ അയർലണ്ടിന് ഐതിഹാസിക വിജയം. അയർലണ്ടിന്റെ ബാറ്റർമാരും ബോളർമാരും ഒരുപോലെ മികവ് കാട്ടിയ അവസാന മത്സരത്തിൽ 69 റൺസിന്റെ മിന്നും വിജയമാണ് ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങും കൂട്ടരും നേടിയത്.
അബുദാബിയിൽ ടോസ് അനുകൂലമായി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഐറിഷ് നിരയിൽ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 88 റൺസോടെ ക്യാപ്റ്റൻ സ്റ്റിർലിംഗ് മുന്നിൽ നിന്നു നയിച്ചപ്പോൾ 50 ഓവറിൽ 9 വിക്കറ്റിനു 284 റൺസ് ആണ് അയർലണ്ട് കുറിച്ചത്.
മറുപടി ബാറ്റിംഗിൽ സൗത്ത് ആഫ്രിക്കൻ നിരയിൽ ജേസൺ സ്മിത്ത് 91 റൺസുമായി തകർത്തടിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ഐറിഷ് ബോളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ 46.1 ഓവറിൽ ടീം 215 റൺസിന് ഓൾ ഔട്ട് ആയി. ഗ്രഹാം ഹ്യൂം, ക്രെയ്‌ഗ് യങ് എന്നിവർ മൂന്നു വീതവും, മാർക്ക് അടയർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച സൗത്ത് ആഫ്രിക്ക പരമ്പര 2-1-ന് സ്വന്തമാക്കിയിട്ടുണ്ട്.