എൻജിൻ തകരാറും തീപിടിത്തവും: ഗാർഡയുടെ 70 കാറുകൾ ഉപയോഗം നിർത്തി

എഞ്ചിന്‍ തകരാറുകള്‍ സംശയിച്ച് അയര്‍ലണ്ടില്‍ ഗാര്‍ഡയുടെ 70-ഓളം കാറുകള്‍ ഉപയോഗം നിര്‍ത്തി. യുകെയില്‍ ഒരു പൊലീസ് വാഹനം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് അയര്‍ലണ്ടിലും നടപടി ഉണ്ടായിരിക്കുന്നത്. യുകെയിലെ Cumbria Constabulary-യുടെ ഒരു കാര്‍ എഞ്ചിന്‍ കേടായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്തു.

ഗാര്‍ഡ ഉപയോഗിക്കുന്ന ബിഎംഡബ്ല്യുവിന്റെ വിവിധ മോഡല്‍ കാറുകളാണ് ഉപയോഗം നിര്‍ത്തിവച്ചിരിക്കുന്നത്. മോഡലുകള്‍ പലതാണെങ്കിലും എല്ലാത്തിലും ഉള്ളത് N57 ഡീസല്‍ എഞ്ചിനുകളാണ്. കാറിന്റെ നിര്‍മ്മാതാക്കള്‍ തന്നെ ഗാര്‍ഡയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഉപയോഗം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാര്‍ഡ നിലവില്‍ ഏകദേശം 3,500 വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ 70-ഓളം കാറുകളെയാണ് ഇത് ബാധിക്കുക.

അതേസമയം ഉപയോഗം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന കാറുകള്‍ പലതും ഗാര്‍ഡയുടെ സായുധ വിഭാഗങ്ങളടക്കമുള്ളവര്‍, ഗൗരവകരമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നവയാണ് എന്നത് പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. ഇവയ്ക്ക് പകരം വാഹനങ്ങള്‍ കണ്ടെത്താന്‍ ഇതിനോടകം ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും, അടിയന്തരഘട്ടങ്ങളില്‍ ഗാര്‍ഡ പതിവ് പോലെ തന്നെ സഹായത്തിനെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുമ്പ് ഉപയോഗത്തിലിരുന്ന ഓഡി, വോള്‍വോ കാറുകള്‍ക്ക് പകരമാണ് ഏതാനും വര്‍ഷം മുമ്പ് ഗാര്‍ഡ ബിഎംഡബ്ല്യു വാങ്ങിയത്. ആയുധം സൂക്ഷിക്കല്‍, പുത്തന്‍ സാങ്കേതികവിദ്യ, സ്‌പെഷ്യല്‍ യൂണിറ്റുകള്‍ക്ക് സഹായകമാകുന്ന മറ്റ് ഫീച്ചറുകള്‍ എന്നിവയായിരുന്നു ഇവയുടെ പ്രത്യേകതകള്‍.

അതേസമയം പൊലീസിന് വേണ്ടി നിര്‍മ്മിച്ച കാറുകളില്‍ മാത്രമാണ് പ്രശ്‌നം ഉള്ളതെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

Share this news

Leave a Reply

%d bloggers like this: