അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്ക്; ലംഘിച്ചാൽ 100 യൂറോ പിഴ

അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകളുമായി പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക്. അടുത്തയാഴ്ചയോടെയാണ് വിലക്ക് നിലവില്‍ വരിക. ഏറെ ജനപ്രിയമാണെങ്കിലും ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുക അടക്കമുള്ള അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് National Transport Authority (NTA) വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇ-സ്‌കൂട്ടറുകളിലെ ലിഥിയം അയണ്‍ ബാറ്ററികള്‍ തീപിടിക്കാനും, പൊട്ടിത്തെറിക്കാനും സാധ്യതയുള്ളവയാണെന്ന് NTA പറയുന്നു. മഡ്രിഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ പൊതുഗതാഗതങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായതായും NTA ചൂണ്ടിക്കാട്ടുന്നു. ലണ്ടനില്‍ സമാന നിരോധനം 2021 ഡിസംബര്‍ മുതല്‍ നിലവിലുണ്ട്.

ഇതിന്റെ ഭാഗമായി ഇ-സ്‌കൂട്ടറുകളുമായി ട്രെയിനുകളില്‍ കയറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ യാത്രക്കാരില്‍ നിന്നും 100 യൂറോ പിഴ ഈടാക്കുമെന്ന് Irish Rail അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ തങ്ങളും വിലക്ക് ബാധകമാക്കുമെന്ന് Dublin Bus-ഉം അറിയിച്ചു. ഇ-സ്‌കൂട്ടറുകള്‍ മടക്കിവച്ച് ബസില്‍ കയറ്റാനും പാടില്ല. Luas, Bus Éireann എന്നിവയിലും ഇത് ബാധകമാണ്.

അതേസമയം വിലക്കിനെതിരെ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്. ഇ-സ്‌കൂട്ടറുകള്‍ നിയമവിധേയമാക്കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊതുഗതാഗതസംവിധാനങ്ങളില്‍ ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യുക്തിരഹിതമാണെന്ന് സുസ്ഥിര ഗതാഗതത്തിനായി വാദിക്കുന്ന കാംപെയിനര്‍മാര്‍ പറയുന്നു. അപകടം ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച് കൃത്യമായ പഠനം നടത്താതെയാണ് വിലക്ക് എന്നും അവര്‍ വിമര്‍ശനമുയര്‍ത്തുന്നു. ബസിലോ, ട്രെയിനിലോ ഇ-സ്‌കൂട്ടറുകള്‍ സുരക്ഷിതമല്ലെങ്കില്‍ അവ വീടുകളിലും സുരക്ഷിതമല്ലല്ലോ എന്നും അവര്‍ ചോദിക്കുന്നു. വിലക്ക് നിലവില്‍ വരുന്നതോടെ ബസോ ട്രെയിനോ ഇറങ്ങി അല്‍പ്പം അകലെയുള്ള ഓഫീസിലേയ്‌ക്കോ, വീട്ടിലേയ്‌ക്കോ ഇ-സ്‌കൂട്ടറില്‍ പോകാമെന്ന് വിചാരിക്കുന്നവര്‍ക്ക് തിരിച്ചടിയുമാണ് തീരുമാനം.

ഇ-സ്‌കൂട്ടറുകള്‍ക്ക് മാത്രമാണ് വിലക്ക് ബാധകമെന്നും, രാജ്യത്ത് പ്രചാരം വര്‍ദ്ധിച്ചുവരുന്ന ഇ-ബൈക്കുകള്‍ക്ക് ബാധകമല്ലെന്നും NTA വ്യക്തമാക്കിയിട്ടുണ്ട്. ഇ-ബൈക്കുകളിലും ലിഥിയം അയേണ്‍ ബാറ്ററികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും ഇ-സ്‌കൂട്ടറുകളിലെ ബാറ്ററികള്‍ നിലത്തോട് ചേര്‍ന്നാണ് ഘടിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ കേടുപാട് വരാന്‍ സാധ്യത കൂടുതലാണെന്നും NTA പറയുന്നു.

വിലക്ക് ബാധകമാക്കിയെങ്കിലും ആറ് മാസത്തിനകം ഇത് പുനഃപരിശോധിക്കുമെന്ന് NTA അറിയിച്ചതായി The Journal റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുഗതാഗതസംവിധാനങ്ങളില്‍ വിലക്ക് ഉണ്ടെങ്കിലും ടാക്‌സികളില്‍ ഇ-സ്‌കൂട്ടറുകള്‍ കൊണ്ടുപോകുന്നതിന് തടസമില്ല.

Share this news

Leave a Reply

%d bloggers like this: