അയര്‍ലണ്ടില്‍ മാനുകളുടെ പ്രജനന കാലം ആരംഭിച്ചിരിക്കുകയാണെന്നും, അതിരാവിലെയും, സന്ധ്യകളിലും റോഡിലൂടെ വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും Irish Deer Commission-ന്റെ മുന്നറിയിപ്പ്. കാടിന് നടുവിലൂടെ പോകുന്ന റോഡുകള്‍, പര്‍വ്വതപ്രദേശങ്ങളിലെ റോഡുകള്‍ മുതലായ ഇടങ്ങളില്‍ ഈ സീസണില്‍ മാനുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കുകയും, ഇവ റോഡ് മുറിച്ച് കടക്കുകയും ചെയ്യും. അതിനാൽ ഇത്തരം റോഡുകളിലൂടെ പോകുമ്പോള്‍ വേഗത വളരെ കുറച്ച് മാത്രം വാഹനമോടിക്കണമെന്നാണ് മുന്നറിയിപ്പ്.
പഠനങ്ങള്‍ പ്രകാരം ആണ്‍ മാനുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെയധികം കൂടുന്ന സമയമാണ് ഒക്ടോബര്‍. 10 മാസത്തോളം പിരിഞ്ഞ് താമസിച്ചതിന് ശേഷം പ്രജനനത്തിനായി വെപ്രാളപ്പെടുന്ന സമയമായതിനാല്‍ ഇവ പെണ്‍ മാനുകളെ തേടി കൂടുതലായി സഞ്ചരിക്കുന്നു. പലപ്പോഴും റോഡ് മുറിച്ചുകടന്നാകും ഈ സഞ്ചാരങ്ങള്‍. ഒപ്പം വളരെ അക്രമകാരികളായി മാറുന്ന ആണ്‍ മാനുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്യാം.
മാനുകള്‍ എപ്പോഴാണ് കാടിറങ്ങി റോഡ് മുറിച്ചുകടക്കുക എന്ന് പറയുക അസാധ്യവും, ഇവയുടെ വരവ് അപ്രതീക്ഷിതവുമായതിനാലാണ് ഡ്രൈവര്‍മാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നത്. രാജ്യത്തെ എല്ലാ കൗണ്ടികളിലും മാനുകള്‍ ഉള്ളതിനാല്‍ എല്ലായിടത്തും ജാഗ്രത ആവശ്യമാണ്. കൗണ്ടി വിക്ക്‌ലോയിലെ N11 ആണ് ഇത്തരത്തില്‍ മാനുകള്‍ ഏറ്റവുമധികമായി അപകടത്തില്‍ പെടുന്ന പ്രദേശം.
അഥവാ റോഡില്‍ മാനിനെ കണ്ടാല്‍ ഹെഡ് ലൈറ്റ് ഡിം ആക്കണമെന്നും, ഫുള്‍ ബീം ലൈറ്റ് കണ്ടാല്‍ മാന്‍ റോഡില്‍ തന്നെ നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാനിനെ വാഹനം ഇടിച്ചാല്‍ അതിനെ സമീപിക്കുന്നത് സൂക്ഷിച്ച് വേണമെന്നും, പിന്നാലെ വേറെയും മാനുകള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. അപകടമുണ്ടായാല്‍ ഉടന്‍ ഗാര്‍ഡയെ ബന്ധപ്പെടണം.