ബജറ്റിൽ പ്രഖ്യാപിച്ച 2,000 യൂറോ Rent Tax Credit എങ്ങനെ നേടാം? ആർക്കൊക്കെയാണ് അർഹത?

അഡ്വ. ജിതിൻ റാം

രാജ്യത്ത് വാടകനിരക്കുകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 2025 ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന rent tax credit ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. 2024-ല്‍ ഒരാള്‍ക്ക് 750 യൂറോ ആയിരുന്ന ക്രെഡിറ്റ് ഇത്തവണ 250 യൂറോ വര്‍ദ്ധിപ്പിച്ച് 1,000 യൂറോ ആക്കിയിട്ടുമുണ്ട്. എങ്ങനെയാണ് ഈ ക്രെഡിറ്റ് ലഭിക്കുക എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

Rent tax credit ഓരോ വര്‍ഷങ്ങളിലും എത്ര?

250 യൂറോയുടെ വര്‍ദ്ധന 2024-ലും, 2025-ലും ബാധകമാകുമെന്നതിനാല്‍, നേരത്തെ rent tax credit ആയി 750 യൂറോ ലഭിച്ചവര്‍ക്ക് ഈ വര്‍ഷം 250 യൂറോ കൂടി ലഭിക്കാന്‍ അര്‍ഹതയുണ്ട്. 2022-ല്‍ ആദ്യമായി rent tax credit അവതരിപ്പിച്ചപ്പോള്‍ 500 യൂറോ ആയിരുന്നു തുക. അഥവാ നിങ്ങള്‍ ഇതുവരെ ഈ ക്രെഡിറ്റിന് അപേക്ഷിക്കാത്ത ആളും, അതേസമയം 2023 ആദ്യം മുതല്‍ വാടകയ്ക്ക് താമസിക്കുന്ന ആളും ആണെങ്കില്‍, നിലവിലെ 1,000 യൂറോയ്‌ക്കൊപ്പം നേരത്തെ പ്രഖ്യാപിക്കപ്പെട്ട 500 യൂറോ അടക്കം 1,500 യൂറോ rent tax credit ആയി ലഭിക്കാന്‍ അര്‍ഹരാണ്.

1,000 യൂറോ rent tax credit എല്ലാവര്‍ക്കും ലഭിക്കുമോ?

വര്‍ഷം ആകെ നല്‍കുന്ന വാടകത്തുകയുടെ 20% ആണ് rent tax credit ആയി ലഭിക്കുക. അതിനാല്‍ ഒരാളുടെ ആകെ വാര്‍ഷിക വാടകത്തുക 5,000 യൂറോയില്‍ കുറവാണെങ്കില്‍ 1,000 യൂറോ പൂര്‍ണ്ണമായും ലഭിക്കില്ല എന്നര്‍ത്ഥം.

ദമ്പതികള്‍ ആണെങ്കില്‍

ഒരാള്‍ക്ക് 1,000 യൂറോ എന്ന നിരക്കിലാണ് rent tax credit പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍, വിവാഹിതരോ, സിവില്‍ പാര്‍ട്ട്ണര്‍മാരോ ആയവര്‍ ഒരുമിച്ച് അപേക്ഷിച്ചാല്‍ ഇരട്ടി തുക, അതായത് 2,000 യൂറോ വരെ ഈ ഇനത്തില്‍ ക്ലെയിം ചെയ്യാം.

മറ്റുള്ളവരുമായി വാടക ഷെയര്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ് ലഭിക്കുമോ?

ഇല്ല. വ്യക്തിഗതമായി അല്ലെങ്കില്‍ ദമ്പതികള്‍ ആയി മാത്രമേ ഇതിന് അപേക്ഷിക്കാന്‍ സാധിക്കൂ.

ഏതൊക്കെ വര്‍ഷങ്ങളില്‍ rent tax credit ലഭിക്കും?

2022-ലാണ് ആദ്യമായി rent tax credit പ്രഖ്യാപിക്കപ്പെട്ടത്. അതിനാല്‍ 2023 മുതല്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഓരോ വര്‍ഷവും ക്രെഡിറ്റിന് അര്‍ഹരാണ്. 2023-ല്‍ 500, 2024-ല്‍ 750 + 250, 2025-ല്‍ 1,000 യൂറോ എന്നിങ്ങനെ ക്രെഡിറ്റ് ക്ലെയിം ചെയ്യാം.

വീട്ടുടമ Residential Tenancies Board-ല്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ക്രെഡിറ്റ് ലഭ്യമാകുകയുള്ളൂ എന്നുണ്ടോ?

തത്വത്തില്‍ Residential Tenancies Board (RTB)-ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ rent tax credit-ന് അര്‍ഹതയുള്ളൂ എന്നാണ് പറയുന്നതെങ്കിലും, അല്ലാത്തവര്‍ക്കും ക്രെഡിറ്റ് ലഭിക്കും. ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുമ്പോള്‍ നല്‍കേണ്ട RTB നമ്പര്‍ പൊതുവില്‍ വീട്ടുടമകളാണ് വാടകക്കാര്‍ക്ക് നല്‍കുക. എന്നാല്‍ എല്ലാ വീട്ടുടമകളും ഇപ്രകാരം ചെയ്യണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ വാടകക്കാരോട് റെന്റല്‍ അറേഞ്ച്‌മെന്റ് അടക്കമുള്ള വിവരങ്ങളും, RTB നമ്പറും പിന്നീടൊരു ദിവസം ഹാജരാക്കാന്‍ റവന്യൂ പറയും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/land-and-property/rent-credit/how-to-claim.aspx

വിദ്യാര്‍ത്ഥികളുടെ ടാക്‌സ് ക്രെഡിറ്റ്

പഠനാവശ്യത്തിനായി വീട്ടില്‍ നിന്നും മാറി വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും rent tax credit ലഭിക്കും. കോളജില്‍ അഡ്മിഷനെടുത്ത ശേഷമുള്ള ടാക്‌സ് ഇയര്‍ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് 23 വയസ് തികഞ്ഞിരിക്കരുത് എന്നത് ഇക്കാര്യത്തില്‍ പ്രധാനമാണ്.

ഹൗസിങ് സപ്പോര്‍ട്ട് ലഭിക്കുന്നവര്‍ rent tax credit-ന് അര്‍ഹരാണോ?

അല്ല. Housing Assistance Payment (HAP), Rental Accommodation Scheme, Rent Supplement Payment മുതലായവ ലഭിക്കുന്നവരും, Cost Rental വീടുകളില്‍ താമസിക്കുന്നവരും ഈ ക്രെഡിറ്റിന് അര്‍ഹരല്ല.

Rent tax credit-ന് എങ്ങനെ അപേക്ഷിക്കാം?

മറ്റ് ടാക്‌സ് ക്രെഡിറ്റുകള്‍ക്ക് അപേക്ഷിക്കും പോലെ റവന്യൂ (https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/land-and-property/rent-credit/how-to-claim.aspx) വഴി തന്നെയാണ് rent tax credit-നും അപേക്ഷിക്കേണ്ടത്.

2022 മുതല്‍ 2024 വരെ ഉള്ള rent tax credit-ന് അപേക്ഷിക്കുന്ന PAYE വര്‍ക്കേഴ്‌സിന് റവന്യൂ വെബ്‌സൈറ്റിലെ myAccount സെക്ഷന്‍ വഴി ഈ അപേക്ഷ നല്‍കാം.

സെല്‍ഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവര്‍ക്ക് Revenue Online Service (ROS) portal-ല്‍ വാര്‍ഷികമായി നല്‍കുന്ന Income Tax Return (Form 11) പൂരിപ്പിച്ച് അപേക്ഷ നല്‍കാം.

2025-ലെ ക്രെഡിറ്റിനുള്ള അപേക്ഷകള്‍ ജനുവരി 1-ന് ശേഷം മേല്‍ പറഞ്ഞ രീതികളിലൂടെ തന്നെ നല്‍കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/land-and-property/rent-credit/how-to-claim.aspx

ലേഖകൻ:

Adv. Jithin Ram

Mob: 089 211 3987

J T Solicitors

Share this news

Leave a Reply

%d bloggers like this: