അയര്‍ലണ്ടില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കപ്പെടുന്ന കമ്പനി എന്ന സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ടൊയോട്ട. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ 17,043 കാറുകളാണ് ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ഒമ്പത് മാസങ്ങള്‍ക്കിടെ രാജ്യത്ത് വിറ്റുപോയിട്ടുള്ളത്. 13,226 കാറുകളുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആണ് രണ്ടാം സ്ഥാനത്ത്.
ചെക്ക് കമ്പനിയായ സ്‌കോഡയാണ് 11,917 കാറുകളോടെ മൂന്നാം സ്ഥാനത്ത്. അതേസമയം 11,220 കാറുകള്‍ വില്‍പ്പന നടത്തി സ്‌കോഡയ്ക്ക് തൊട്ടുപിന്നാലെ ഹ്യുണ്ടായ് ഉണ്ട്. അഞ്ചാം സ്ഥാനം കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയ്ക്ക് ആണ്. 8,900 കാറുകളാണ് കിയ ഈ വര്‍ഷം അയര്‍ലണ്ടില്‍ വിറ്റത്. അതേസമയം ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി 5,270 യൂണിറ്റുകള്‍ വിറ്റഴിച്ച് ആറാം സ്ഥാനത്തേയ്ക്ക് കുതിപ്പ് നടത്തിയിട്ടുണ്ട്. 4,300 കാറുകള്‍ വിറ്റ ബിഎംഡബ്ല്യുവും ആദ്യ പത്തില്‍ ഇടംനേടി. മറ്റ് പ്രമുഖ ബ്രാന്‍ഡുകളായ ഫോര്‍ഡ്, റെനോ, ഓപ്പല്‍ എന്നിവയെയെല്ലാം ഈ രണ്ട് ആഡംബര കാര്‍ നിര്‍മ്മാണ കമ്പനികളും പിന്തള്ളിയിരിക്കുകയാണ്.
അതേസമയം രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ മോഡലായി ഹ്യുണ്ടായുടെ Tuscon തുടരുകയാണ്. 5,207 മോഡലുകളാണ് ഈ വര്‍ഷം ഇതുവരെ വിറ്റത്. 4,307 വില്‍പ്പനകളുമായി സ്‌കോഡയുടെ Octavia ആണ് രണ്ടാമത്. 3,777 മോഡലുകള്‍ വിറ്റഴിച്ച് കിയ Sportage മൂന്നാം സ്ഥാനത്തുണ്ട്.