അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുറയുന്നത് തുടരുന്നു. ഒപ്പം സെപ്റ്റംബര്‍ മാസത്തിലെ ആകെ കാര്‍ വില്‍പ്പനയില്‍ 1.4% കുറവും സംഭവിച്ചിട്ടുണ്ട്.
രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ആകെ 118,926 പുതിയ കാറുകളാണ് വില്‍പ്പന നടന്നതെന്നാണ് The Society of the Irish Motor Industry (SIMI)-യുടെ കണക്ക്. ഇതില്‍ 16,133 എണ്ണം ഇലക്ട്രക് കാറുകളാണ്. അതായത് 13.8%. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആകെ വിറ്റ കാറുകളില്‍ 18% ആയിരുന്നു ഇലക്ട്രിക്.
ഈ വര്‍ഷം സാധാരണ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന 12% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബര്‍ അവസാനം വരെ 26,079 ഹൈബ്രിഡ് കാറുകളാണ് രാജ്യത്ത് ഈ വര്‍ഷം വില്‍പ്പന നടത്തിയത്. ആകെ വിറ്റ കാറുകളില്‍ 22% ആണ് ഹൈബ്രിഡുകള്‍. പ്ലഗ് ഇന്‍ ഹൈബ്രിഡുകളുടെ വില്‍പ്പനയിലും സമാനമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ ആകെ വില്‍പ്പനയില്‍ 11,766 എണ്ണം (10%) ഈ മോഡലുകളാണ്.
എന്നിരുന്നാലും രാജ്യത്ത് ഇപ്പോഴും ഏറെ ആവശ്യക്കാരുള്ളത് പെട്രോള്‍ കാറുകള്‍ക്ക് തന്നെയാണ്. ആകെ വില്‍പ്പനയില്‍ 36,339 എണ്ണവും പെട്രോളാണ്. 26,947 എണ്ണമാണ് ഡീസല്‍.