യൂറോപ്യന്‍ യൂണിയനില്‍ ഭക്ഷണം പാഴാക്കിക്കളയുന്ന കാര്യത്തില്‍ അയര്‍ലണ്ടുകാര്‍ക്ക് ആറാം സ്ഥാനം. രാജ്യത്തെ ഓരോ വ്യക്തിയും വര്‍ഷം ശരാശരി 145 കിലോഗ്രാം വീതം ഭക്ഷണം പാഴാക്കുന്നതായാണ് യൂറോപ്യന്‍ കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം യൂറോപ്യന്‍ യൂണിയന്‍ ആവറേജ് 132 കിലോഗ്രാമാണ്. 2022-ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം അയര്‍ലണ്ടില്‍ ഭക്ഷണം പാഴാക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്തം വീടുകള്‍ക്കല്ല, ഭക്ഷണം ഉണ്ടാക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ്. മാത്രമല്ല, രാജ്യത്തെ സാധാരണ വീടുകള്‍ ഇയുവിലെ മറ്റുള്ള മിക്ക രാജ്യക്കാരെയും അപേക്ഷിച്ച് ഭക്ഷണം പാഴാക്കാതെ പരമാവധി സൂക്ഷിക്കുന്നുമുണ്ട്. ഇവിടുത്തെ ഭക്ഷ്യനിര്‍മ്മാണ, വിതരണ സ്ഥാപനങ്ങളാകട്ടെ ഇയുവിലെ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളെക്കാള്‍ ഭക്ഷണം പാഴാക്കുകയും ചെയ്യുന്നു. 2022-ല്‍ ആകെ പാഴാക്കിയ ഭക്ഷണത്തിന്റെ 30% മാത്രമാണ് അയര്‍ലണ്ടിലെ സാധാരണക്കാരുടെ ഭാഗത്തുനിന്നുമുണ്ടായത്. രാജ്യത്തെ ഭക്ഷ്യനിര്‍മ്മാതാക്കള്‍ 31%, റസ്റ്ററന്റുകള്‍ 21% എന്നിങ്ങനെയാണ് ബാക്കി ശതമാനക്കണക്ക്.
സ്ഥാപനങ്ങളെ ഒഴിവാക്കി കണക്കാക്കിയാല്‍ അയര്‍ലണ്ടിലെ ഓരോ വ്യക്തിയും ശരാശരി 43 കിലോഗ്രാം ഭക്ഷണമാണ് 2022-ല്‍ പാഴാക്കിയത്.
2022-ല്‍ ഇയുവിലാകെ 59.2 മില്യണ്‍ ടണ്‍ ഭക്ഷണമാണ് പാഴാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ കഴിക്കാന്‍ സാധിക്കുന്നതും സാധിക്കാത്തതുമായ ഭാഗങ്ങള്‍ പെടും. 75,000 ടണ്‍ ആണ് അയര്‍ലണ്ടുകാര്‍ പാഴാക്കിയത്.
അതേസമയം അയര്‍ലണ്ടുകാര്‍ ഭക്ഷണം പാഴാക്കുന്നത് പതിയെ കുറഞ്ഞുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2020-ല്‍ രാജ്യത്ത് ഓരോരുത്തരും 154 കിലോഗ്രാം ഭക്ഷണം വീതം പാഴാക്കിയെങ്കില്‍, 2022-ല്‍ ഇത് 145 കിലോഗ്രാം ആയി കുറഞ്ഞു.