ഉപയോക്താക്കളുടെ പാസ് വേർഡുകൾ സുരക്ഷിതമായി സൂക്ഷിച്ചില്ല; മെറ്റായ്ക്ക് 91 മില്യൺ പിഴയിട്ട് അയർലണ്ട്

ഫേസ്ബുക്ക് മാതൃകമ്പനിയായി മെറ്റായ്ക്ക് 91 മില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (DPC). ഉപഭോക്താക്കളില്‍ പലരുടെയും പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റുകളായി ഇന്റേണല്‍ സിസ്റ്റത്തില്‍ സൂക്ഷിക്കുന്നതായുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇവ എന്‍ക്രിപ്റ്റഡ് ചെയ്ത് സൂക്ഷിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി DPC വ്യക്തമാക്കി.

ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ ഇത്തരത്തില്‍ സൂക്ഷിച്ചതായാണ് DPC പറയുന്നത്. അതേസമയം പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവര്‍ ചോര്‍ത്തിയെടുത്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 2019 ഏപ്രിലിലാണ് DPC ഇത് സംബന്ധിച്ച അന്വേഷണമാരംഭിച്ചത്. അതിന് ഒരു മാസം മുമ്പ് മെറ്റാ ഈ സംഭവം DPC-യെ അറിയിച്ചിരുന്നു.

അതേസമയം ആദ്യഘട്ടത്തില്‍ വിവരം അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുക അടക്കമുള്ള കാര്യങ്ങള്‍ മെറ്റാ ചെയ്തതായി DPC അന്വേഷണത്തില്‍ കണ്ടെത്തി. പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചില്ല. പാസ്‌വേര്‍ഡുകള്‍ ഇത്തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റുകളായി സൂക്ഷിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്ന് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: