പ്രശസ്ത ഇന്‍ഷുറന്‍സ് കമ്പനിയായ AA Ireland നടത്തിയ സര്‍വേയില്‍, രാജ്യത്തെ പകുതിയിലധികം ഡ്രൈവര്‍മാരും വേഗപരിധി നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. 2,600-ലധികം ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 42% ഡ്രൈവര്‍മാര്‍ തങ്ങള്‍ മിക്കവാറും സമയങ്ങളിലും വേഗപരിധി നിയമങ്ങള്‍ അനുസരിക്കാറുണ്ടെന്നും പ്രതികരിച്ചു.
രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടത്തിയ സര്‍വേയില്‍, അപകടങ്ങള്‍ സംബന്ധിച്ച വിവിധ ചോദ്യങ്ങളാണ് ഡ്രൈവര്‍മാരോട് ചോദിച്ചത്. ഏറ്റവും അപകടരമായ ഡ്രൈവിങ് രീതി ഏതെന്ന ചോദ്യത്തിന് 97% പേരും ഉത്തരം നല്‍കിയത് മദ്യമോ, മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്നാണ്. 96% പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, 95% പേര്‍ അമിതവേഗത എന്നിവയും ഉത്തരമായി നല്‍കി. ട്രാഫിക്കില്‍ ചുവന്ന ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ വാഹനം മുന്നോട്ടെടുക്കുക, ട്രാഫിക്കിനിടെ വെട്ടിച്ച് വാഹനമോടിക്കുക, മുന്നിലെ വാഹനത്തിന് തൊട്ടുപുറകിലായി വാഹനമോടിക്കുക, ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനമോടിക്കുക മുതലായവയും അപകടകരായ രീതികളായി പ്രതികരണമുണ്ടായിട്ടുണ്ട്.
ഇവയ്ക്ക് പുറമെ പരുക്കനായ ഡ്രൈവിങ്ങും (90%), കൃത്യമായി സിഗ്നലോ, ഇന്‍ഡിക്കേറ്ററോ ഇല്ലാത്ത ഡ്രൈവിങ്ങും (84%) പ്രശ്‌നം സൃഷ്ടിക്കുന്നു. ശരിയായ ലെയ്‌നില്‍ അല്ലാതെ വാഹനമോടിക്കുന്നവരും ഏറെയാണ്.
അതേസമയം സര്‍വേയില്‍ പങ്കെടുത്തവരില്‍ 82% പേരും തങ്ങള്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞത് വളരെ ആശ്വാസകരമാണെന്ന് AA Ireand പറഞ്ഞു. തങ്ങള്‍ അനധികൃതമായ പാര്‍ക്കിങ് നടത്തിയിട്ടില്ലെന്ന് 93% പേര്‍ പറഞ്ഞിട്ടുണ്ട്. Road Safety Authority (RSA) -യുടെ കാംപെയിനുകള്‍ ഫലം കാണുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് AA Ireland പറയുന്നു. സൈക്കിള്‍ യാത്രക്കാരെയും മറ്റേതൊരു വാഹനവും ഓടിക്കുന്നവരെ പോലെ തന്നെ പരിഗണിക്കുന്നതായി 94% പേര്‍ പറഞ്ഞിട്ടുള്ളത്, സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള അവകാശങ്ങളെ കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നതായി കാണിക്കുന്നു.
എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെടുന്നതായി 38% പേരും പ്രതികരിച്ചിരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. 12% പേര്‍ തങ്ങള്‍ ബസ് ലെയിനില്‍ കയറി ഡ്രൈവ് ചെയ്തു എന്ന് പറഞ്ഞതും ശ്രദ്ധിക്കേണ്ടതുണ്ട്.