അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (ലേണേഴ്‌സ് ലൈസന്‍സ്) മാത്രം ഉപയോഗിച്ച് വാഹനമോടിക്കുന്നവരില്‍ നിന്നും ആ ലൈസന്‍സുകള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ച് ഗതാഗതവകുപ്പ്. നിലവില്‍ രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് വളരെയേറെ കാലതാമസം എടുക്കുന്നുണ്ട്. ഇതിനിടെ പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിടിച്ചെടുക്കുക കൂടി ചെയ്താല്‍ പുതിയവയ്ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ കുന്നുകൂടുകയും, ടെസ്റ്റുകള്‍ നടത്താനുള്ള സമയം ഇനിയും നീണ്ടേക്കുമെന്നുമെന്നുമുള്ള ആശങ്കയാണ് തീരുമാനത്തിന് പിന്നില്‍. നിലവില്‍ വര്‍ഷാവര്‍ഷം പുതിയ അപേക്ഷകള്‍ 23% വീതം വര്‍ദ്ധിക്കുകയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
ടെസ്റ്റുകള്‍ക്കുള്ള കാലതാമസം പരമാവധി 10 മാസം ആയി കുറയും വരെ പിടിച്ചെടുക്കല്‍ നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം അവസാനമുള്ള കണക്കനുസരിച്ച് രാജ്യത്ത് 230,000 പേരാണ് ടെസ്റ്റില്‍ പങ്കെടുക്കാതെ പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ മാത്രം കൈയിലുള്ളവരായി ഉള്ളത്. ഇതില്‍ 32,000 പേര്‍ മൂന്നാം തവണയും പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കിയെങ്കിലും, ഇതുവരെ ടെസ്റ്റില്‍ പങ്കെടുക്കാത്തവരാണ്.
അതേസമയം രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ വേഗത്തിലാക്കാന്‍ പുതുതായി 70 ടെസ്റ്റര്‍മാരെക്കൂടി സ്ഥിരമായി നിയമിക്കുമെന്ന് ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.