അയർലണ്ടിൽ കുടുംബമായി താമസിക്കാൻ പറ്റുന്ന വീടുകളുടെ വില കുതിച്ചുയർന്നു; ഡബ്ലിൻ കമ്മ്യൂട്ടർ പ്രദേശങ്ങളിലും രക്ഷയില്ല

ഡബ്ലിന്‍ പ്രദേശത്തും, പുറത്തും കുടുംബത്തിന് താമസിക്കാന്‍ തക്ക സൗകര്യമുള്ള വീടുകളുടെ വില കുത്തനെ ഉയരുന്നു. നഗരത്തില്‍ വില അധികമായതിനെത്തുടര്‍ന്ന് ഡബ്ലിനിലേയ്ക്ക് യാത്ര ചെയ്‌തെത്താവുന്ന ദൂരപരിധിയില്‍ ത്രീ ബെഡ് സെക്കന്‍ഡ് ഹാന്‍ഡ് വീട് നോക്കുന്നവര്‍ക്കും പ്രാപ്യമായ തുകയില്‍ വീട് ലഭിക്കാത്ത സ്ഥിതിയാണ്.

REA Average House Price Index-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം ഡബ്ലിന്‍ കമ്മ്യൂട്ടര്‍ റീജിയനില്‍ ഫാമിലി ഹോമുകള്‍ക്ക് മൂന്ന് മാസത്തിനിടെ 2.9% ആണ് വില വര്‍ദ്ധിച്ചത്. ഇതോടെ ശരാശരി വില 336,944 ആയി ഉയര്‍ന്നു.

വലിയ ടൗണുകളായ Ennis, Tralee, Tullamore, Athlone എന്നിവിടങ്ങളിലെല്ലാം ഫാമിലി ഹോമുകള്‍ക്ക് ശരാശരി 20,000 യൂറോ ആണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വര്‍ദ്ധിച്ചത്.

അതേസമയം മൂന്ന് മാസത്തിനിടെ 2.7% ആണ് ദേശീയതലത്തില്‍ ത്രീ ബെഡ്‌റൂം വീടിന് ശരാശരി വില വര്‍ദ്ധിച്ചിരിക്കുന്നത്. ശരാശരി 323,741 യൂറോ ആണ് നിലവിലെ വില. ഡബ്ലിനില്‍ ഇത് ശരാശരി 532,333 യൂറോ ആണ്. മൂന്ന് മാസത്തിനിടെ 1.3% ആണ് വിലവര്‍ദ്ധന. ഒരു വര്‍ഷത്തിനിടെ 7.4 ശതമാനവും.

ഡബ്ലിന് പുറത്ത് ത്രീ ബെഡ് വീടുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 7.5% വില വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് മാസത്തിനിടെ മാത്രം വില 2.25% വര്‍ദ്ധിച്ച് ശരാശരി 341,250 യൂറോയിലെത്തി.

രാജ്യത്തെ വലിയ ടൗണുകളില്‍ ത്രീ ബെഡ് വീടുകള്‍ക്ക് വില ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നത് Tralee-യില്‍ ആണ്. ഒരു വര്‍ഷത്തിനിടെ വില 22% വര്‍ദ്ധിച്ച് നിലവില്‍ 300,000 യൂറോ കടന്നിരിക്കുകയാണ് ഇവിടെ.

ഡബ്ലിനില്‍ വീടുകളുടെ ലഭ്യത കുറഞ്ഞതാണ് അടുത്ത പ്രദേശങ്ങളിലും വില ഉയരാന്‍ കാരണമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അടുത്ത കൗണ്ടികളായ Meath, Louth, Carlow, Kildare എന്നിവിടങ്ങളിലെല്ലാം മൂന്ന് മാസത്തിനിടെ വില കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഡബ്ലിനില്‍ ലഭ്യത കുറഞ്ഞതോടെ ലഭ്യമായ വീടുകള്‍ വിറ്റുപോകുന്ന സമയവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ അഞ്ച് ആഴ്ചയായിരുന്നു വില്‍പ്പനയ്ക്ക് വച്ചാല്‍ ഒരു വീട് വിറ്റുപോകാന്‍ എടുത്തിരുന്നതെങ്കില്‍ നിലവിലത് നാലാഴ്ചയായി കുറഞ്ഞു. പലപ്പോഴും രണ്ടാഴ്ചയ്ക്കകവും വിറ്റുപോകുന്നുണ്ട്. ദേശീയതലത്തിലും ഇത് നാലാഴ്ചയായി കുറഞ്ഞിട്ടുണ്ട്.

അതേസമയം വാടകയ്ക്ക് വച്ചിരുന്ന വീടുകള്‍ ഉടമകള്‍ വില്‍ക്കുന്നതും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: