അത്തപ്പൂവും നുള്ളി… (ബിനു ഉപേന്ദ്രൻ)

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. ഓണമെന്ന് കേട്ടാൽ നമുക്ക് ഓർമ്മ വരിക മഹാബലി തമ്പുരാനെയും തമ്പുരാൻ തന്റെ ജനങ്ങളെ സന്ദർശിക്കുന്ന അതിവിശിഷ്ട ദിവസവും. മലയാള വർഷത്തിലെ ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ഏതു ദേവനും ഒരു അസുര ഭാവവും ഏതു അസുരനും ഒരു ദൈവീക ഭാവവും ഉണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന നാളുകൾ. അത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. അത്തം, ചിത്തിര, ചോതി , വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ അനുക്രമമായ ദിവസങ്ങളാണ് ഓണത്തിന്റെ ഘട്ടങ്ങൾ. ‘അത്തം പത്തിന് പൊന്നോണം’ എന്ന പഴമയുള്ള സൂത്രവാക്യം…

ഓണക്കാലത്തെ ഓർമ്മകൾ ഗൃഹാതുരത്വം ഉണർത്തുന്നതാണ്. ഓരോരുത്തർക്കും ഓണത്തേക്കുറിച്ച് പറയാൻ വ്യത്യസ്ത ഓർമ്മകളും അനുഭവകഥകളുമൊക്കെ ഉണ്ടാവും. ജീവിതത്തിൽ മൂന്ന് വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ഓണം ആഘോഷിക്കാനുള്ള അവസരവും ഭാഗ്യവും എനിക്ക് ലഭിച്ചു. അച്ഛൻ സൈനിക വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നതിനാൽ, എന്റെ ബാല്യകാല ഓണങ്ങൾ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ, മറ്റൊരു സംസ്കാരപശ്ചാത്തലത്തിൽ നിന്നായിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഓണസദ്യയുടെയും ശർക്കരപ്പായസത്തിലും രുചിയും ഓണക്കോടിയുടെ വർണ്ണങ്ങളും തിരിച്ചറിഞ്ഞ ദിനങ്ങൾ. ഓർമ്മകൾ കൃത്യമായി നിലനിൽക്കാത്തതുകൊണ്ടായിരിക്കാം, ആ ഓണക്കാലം എത്ര വേറിട്ട അനുഭവമായിരുന്നെന്ന് പറയാൻ കഴിയില്ല, പക്ഷേ മലയാളി സമൂഹം എവിടെ ആയാലും, കേരളത്തിന്റെ സമ്പന്ന സാംസ്കാരിക പരമ്പരകളെ നിലനിർത്താൻ കാണിച്ച ആ ആത്മാർത്ഥത ഇന്നും അന്നത്തെ ഓണക്കാലത്തെ വ്യത്യസ്തമാക്കുന്നു. ആ നിഷ്കളങ്കമായ കാലം, ഓണം വരുമ്പോഴൊക്കെ അവശേഷിക്കുന്ന ഭാവങ്ങളുടെ ഒരു തുടർച്ചയാകുകയാണ്.

മൂന്നാം ക്ലാസ് കഴിഞ്ഞ്, 1980-കളുടെ അവസാനത്തിൽ, ഞാൻ മാവേലിക്കരയിലേക്ക് എത്തിയപ്പോൾ ആദ്യമായാണ് ഓണത്തിന്റെ യഥാർത്ഥ മധുരവും നാട്ടിന്റെ സൗദര്യവും ആഴത്തിൽ അനുഭവിക്കാൻ കഴിഞ്ഞത്. കുട്ടിക്കാലം ഏറിയ ഭാഗവും ചെലവഴിച്ചിട്ടുള്ളത് മാവേലിക്കരയിൽ ആണ്. ഓണക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയിൽ മഴയ്ക്ക് കൂട്ടായി വയലുകളിൽ ഓണത്തുമ്പിയും ഓണക്കാലത്ത് മാത്രം നാട് സന്ദർശിക്കാനെത്തുന്ന മഞ്ഞക്കിളിയുമൊക്കെ എത്തിയിരുന്ന കാലം. ഓണക്കാലമായാൽ ഒരു രസാണ്, വീട്ടിലെ അംഗങ്ങൾ എല്ലാം അച്ഛന്റെ തറവാട്ടിലേക്ക് എത്തും. പിന്നീട് വീട്ടുകാർക്കും കൂട്ടുകാരോടുമൊപ്പം ആഘോഷിച്ചിരുന്ന ഓണം. അന്ന് ഓണം എന്നത് വെറും ഒരു ആഘോഷമല്ല; അത് ഒരു അനുഭവമായിരുന്നു.

ഓണം വന്നെത്തുമ്പോൾ, വീട്ടിലെ ഓരോ കോണിലും ഒരു ഉത്സവത്തിന്റെ ആവേശം നിറയുമായിരുന്നു. ഓണത്തിന് ഒരുമാസം മുമ്പേതന്നെ തുടങ്ങുന്ന ആഘോഷം. വീടുകളിൽ എല്ലാവരും പുണ്യദിനമായ തിരുവോണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയിരുന്ന കാലം. മാവിൻ കൊമ്പിലെ ഊഞ്ഞാൽ, തിരുവാതിര , ഉത്രാടവിളക്ക്, വീടിന്റെ ചുറ്റുമതിൽ സുന്ദരമാക്കുന്ന പൂക്കൾ, പുത്തൻ വസ്ത്രങ്ങൾ , കൂട്ടുകാരുമായി തുമ്പപ്പൂവ് പറിക്കലും അത്തപ്പൂക്കളവും. പിറ്റേന്നത്തേക്ക് വേണ്ട പൂക്കളം ഒരുക്കാൻ തലേന്ന് വൈകുന്നേരം തന്നെ പൂക്കൾ ശേഖരിക്കാൻ ഞങ്ങൾ കൂട്ടത്തോടെ ഇറങ്ങും . ചേമ്പിന്റെ ഇലയിലാണ് പൂക്കൾ ശേഖരിക്കുക. അയൽ‌ക്കാരന്റെ വീട്ടിലെ പൂക്കൾ ഒളിച്ചുചെന്ന് പറിച്ചെടുക്കുന്നതിന്റെ ത്രില്ലൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ?
വള്ളംകളി, പുലികളി, ഓണത്തപ്പൻ ആരാധന, വടംവലി, ഓണത്തല്ല് തുടങ്ങിയ നാടൻ കലാരൂപങ്ങളും ഈ ആഘോഷങ്ങൾക്കു മാറ്റു കൂട്ടും. ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും തറവാട്ടിൽ ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്.

പിന്നീട് 2000-കളുടെ മദ്ധ്യത്തിൽ അയർലണ്ടിൽ താമസം ആരംഭിച്ചതോടെ, ഓണക്കാഴ്ചകൾക്ക് കൃത്രിമത്വത്തിന്റെ ഒരു രൂപം ലഭിച്ചു. ആ കാലത്ത് ഇവിടെ നടന്ന ഓണാഘോഷം പലപ്പോഴും ഔപചാരികതയിൽ ഒതുങ്ങുന്നുവെന്ന് തോന്നി. ഓണം വളരെ സ്വകാര്യമായി മാറിയിരിക്കുന്നു. നാട്ടിലെ പോലെ ഒരുമിച്ചിരുന്ന് പാചകം ചെയ്യാനുള്ള അവസരം കുറഞ്ഞത് കൊണ്ട്, സദ്യ റെഡി മെയ്ഡ് ഓർഡറുകളിലേക്കും റസ്റ്റോറന്റ് വിഭവങ്ങളിലേക്കും ചുരുങ്ങിയിരുന്നു. പുഷ്പങ്ങളുടെ ലഭ്യതക്കുറവ് ഒരു പരിധിവരെ കൃത്രിമ പൂക്കളിലേക്കും അലങ്കാരങ്ങളിലേക്കും വഴിമാറേണ്ടി വന്നു. സാംസ്കാരിക പരിപാടികളുടെയും പ്രദർശനങ്ങളുടെയും കാര്യത്തിലും ഒരുപാട് പ്രത്യേകതയില്ലാത്ത ഒരു അനുഭവമായി…

ഇന്ന് കാലം മാറി കഥ മാറി. അല്ല, ഇന്ന് കാലം മാറിയെങ്കിലും, കഥ പഴയ ഓണത്തിന്റെ തനിമയോടെ മുന്നോട്ട് പോകുന്നു. ഈ വർഷം, ഡബ്ലിനിലെ സിറ്റിവെസ്റ്റിൽ മലയാളികളുടെ കൂട്ടായ്മയായ Malayalees In Citywest (MIC) ഒരുക്കിയ ഓണാഘോഷം ഒരു പുതിയ അനുഭവം ആയിരുന്നില്ല; മറിച്ച്, പഴമയുടെ അനുഭവം പുനരവതരിപ്പിച്ച ഒരു വിസ്മയകരമായ യാത്രയായിരുന്നുവെന്ന് പറയാം. ഓണത്തിന്റെ തനിമയും ആചാരങ്ങളും പൂർണ്ണമായി പ്രകടമായ ഒരു മഹോത്സവം…

ബാല്യത്തിലെ ഓർമ്മകൾക്ക്, അതിലെ ആനന്ദവും ഉത്സാഹവും മനസ്സിൽ നിറയുന്നത് സ്വാഭാവികമാണ്. കാലത്തിന്റെ ഒഴുക്കിൽ പല ആചാരവും അനുഷ്ഠാനങ്ങളും മാറിയിട്ടുണ്ടെങ്കിലും, MIC-യുടെ ഈ വർഷത്തെ ഓണാഘോഷം, അവയുടെ യഥാർത്ഥ സൗന്ദര്യവും ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ ഓണത്തനിമയോടെ പുനരാവിഷ്കരിക്കപ്പെട്ടു. പ്രവാസജീവിതത്തിൽ, ഒരു പരിധി വരെ നമുക്ക് നഷ്ടപ്പെട്ടുപോയ നാട്ടിലെ ഓണക്കാഴ്ചകൾ, ഈ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കാനായി. ജീവിതത്തിന്റെ തിരക്കുകളെ മാറ്റി വച്ച്, MIC സുഹൃത്തുക്കൾ ഒരുമിച്ചുചേർന്ന് ഒരു മനോഹര ഓണക്കാലം ഒരുക്കിയപ്പോൾ പൂർണ്ണമായും ഓണക്കാലത്തിന്റെ തനിമയുള്ള ഉത്സവത്തിന്റെ ഒരു ഒത്തുചേരലായി. ഓണച്ചമയ ഘോഷയാത്രകൾ, നാടൻ കലാരൂപങ്ങൾ, ഓണപ്പാട്ടുകൾ, നാടൻ കളികൾ, പൂക്കളങ്ങൾ, ‘ഓണം ഫാഷൻ ഷോ’ അത് അയർലണ്ടിൽ ഓണാഘോഷങ്ങളിൽ വേറിട്ടൊരു കാഴ്ചയായി, അനുഭവമായി…

ഇങ്ങനെ ഈ വർഷം ഞങ്ങളുടെ ഓണം അയർലണ്ടിലെ പ്രിയപ്പെട്ട MIC കൂട്ടായ്മയോടൊപ്പം ആഘോഷമാക്കി. ഓണക്കളികൾ കളിച്ചും M50 Music ബാൻഡിന്റെ താളത്തിൽ ചുവടു വെച്ചും ഈ ഓണത്തിന്റെ മധുരം എന്നും മനസ്സിൽ നിലനിൽക്കും, ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവ ഓർമ്മകളായി…

ജീവിതം തേടി ലോകംമുഴുവന്‍ പടര്‍ന്നുകിടക്കുന്ന മലയാളികള്‍ എവിടെ ആണെങ്കിലും ഓണം എന്ന നമ്മുടെ ദേശീയ ഉത്സവത്തെ മറക്കാറില്ല. അതിന് ജാതി, മത, വര്‍ണ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. എല്ലാ ചിട്ടവട്ടങ്ങളോടും കൂടി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങൾ, നിമിഷങ്ങൾ സമ്മാനിച്ച MIC-ക്ക് നന്ദി…

ഈ ആഘോഷത്തിന്റെ വർണ്ണങ്ങളും സന്തോഷവും എല്ലാവരുടെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ. പഴയതല്ലെങ്കിലും ഓണം ഇനിയും വരും, നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം നമുക്ക് ഈ സഹൃദം.

എങ്കിലും, ഒരു സംശയവും ഒരു ചോദ്യവും ബാക്കി… ഓണം എന്നാൽ മാവേലിത്തമ്പുരാന്റെ “നാട് visit-ഉം” അതിന്റെ “ആഘോഷവും” മാത്രം ആണോ?

(Title courtesy: MIC, Dublin )

Share this news

Leave a Reply

%d bloggers like this: