ഡ്രോഹെഡാ മലയാളിയ്ക്ക്, മലയാളി ബിൽഡർ കൊടുത്ത പണി. അവസാനം ഭീക്ഷണിയും കേസും

ഡ്രോഹെഡാ മലയാളിയായ സാജൻ വർഗീസ് വീട് നവീകരണം ചെയ്യാൻ  വേറൊരു മലയാളിയെ ഏല്പിച്ചു അവസാനം  നിയമ, സുരക്ഷാ പ്രശ്‌നങ്ങളിൽ.

വീട് വാങ്ങിയപ്പോൾ പുറകിൽ ഉണ്ടായിരുന്ന ഗ്യാരേജ്,  ഒരു മുറിയും, ചെറിയ അടുക്കളയും, ഒരു ടോയ്‌ലെറ്റും പണിയുവാനുള്ള സ്ഥലം ഉണ്ടെന്ന് മനസിലാക്കി സാജന്റെ കുടുംബം  അത് പണിയാനുള്ള ആളെ അന്വേഷിച്ചപ്പോഴാണ് മലയാളിയായ   ‘ജോസഫിനെ’  (ശരിയായ പേരല്ല)  പരിചയപ്പെട്ടത്.

ജോസഫ് അതുവരെ ചെയ്തുകൊണ്ടിരിക്കുന്ന പണി  വീടുകളിലെ വേസ്റ്റ് കളയുക, പഴയ ഫര്‍ണ്ണിച്ചര്‍ മറ്റ് സാധനങ്ങള്‍ എന്നിവ എടുക്കുക, മരം മുറിക്കുക (ലൈസന്‍സില്ല) എന്നിങ്ങനെയുള്ളവയായിരുന്നു. എങ്കിലും എന്തെങ്കിലും പൊളിക്കുകയോ, കുഴി എടുക്കുകയോ ഉള്ള പണികൾ ഒഴിച്ച് ബാക്കി എല്ലാം അംഗീകൃത പണിക്കാരെ വച്ച് അയർലണ്ടിലെ ബില്‍ഡിങ് നിയമങ്ങള്‍ അനുസരിച്ചു മാത്രമേ  പണിയുകയുള്ളുവെന്ന് ജോസഫ്  ഉറപ്പു നല്കുകയും ചെയ്തു . അങ്ങനെ 30,000 യൂറോ  കരാറിൽ  (കൈയില്‍ മാത്രം പണം തരണം) ജോസഫിനെ 2022 നവംബറിൽ  പണി ഏൽപ്പിച്ചു.

പണി തുടങ്ങിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍ത്ത് തരാമെന്ന് ജോസഫ് ഏറ്റു. കാലതാമസം വരികയാണെങ്കില്‍ അത് ജനലും  കതകും ഓര്‍ഡര്‍ ചെയ്ത്  കിട്ടാനുള്ള താമസത്തിനനുസരിച്ചാകും. 

ഇനി സാജന്റെ വാക്കുകളിൽ അദ്ദേഹത്തിന്റെ അനുഭവം.

അങ്ങനെ 2022 നവംബര്‍ 25-ആം തീയതി പണി തുടങ്ങി. പണി തുടങ്ങിയപ്പോള്‍ എല്ലാ പണികളും ജോസഫ് തന്നെ ചെയ്യാന്‍ തുടങ്ങി. കൂടെ വന്ന പണിക്കാര്‍ ചെയ്യുന്നത് ശരിയല്ല എന്ന് മനസിലായിട്ട് (മരപ്പണിക്കാരന്‍) അയാളെ കൊണ്ട് പണിയിപ്പിക്കാന്‍ പറ്റുകയില്ല എന്നറിയിച്ചപ്പോള്‍ ഇനി ശരിക്കും നോക്കി പണി ചെയ്തുകൊള്ളും എന്ന് പറഞ്ഞ് തുടര്‍ന്നു. മരപ്പണി പകുതിയോളം ജോസഫ് തന്നെ ചെയ്തു.

ജനലും കതകും പണി തുടങ്ങി ഒരു മാസം തികയുന്നതിന് മുമ്പ് ഓര്‍ഡര്‍ എടുത്തവര്‍ ഫിറ്റ് ചെയ്തു (കാരണം പണി തുടങ്ങുന്നതിന് മുമ്പ് അവര്‍ അളവെടുത്തതിനാല്‍), ടൈല്‍സ് പണിത വ്യക്തി പണി കഴിഞ്ഞ് പോയ ഉടനെ പൊളിഞ്ഞ് താഴേയ്ക്ക് വീണ് സിങ്ക് കേടായി. അത് ഇന്നും അങ്ങനെ തന്നെ.

2023 ഏപ്രില്‍ മാസം 21-ആം തീയതി ഒരു ചാക്ക് വൈറ്റ് സിമന്റ് കൊണ്ടുവച്ചിട്ട് തിങ്കളാഴ്ച പണിയെല്ലാം പൂര്‍ത്തിയാക്കും എന്ന് പറഞ്ഞ് ജോസഫ് പോയി. ജൂലൈ 30-ആം തീയതി ഞാന്‍ ജോസഫിന് മെസേജയച്ചു (വാട്‌സാപ്പില്‍)- ഇനി നിങ്ങള്‍ ഇങ്ങോട്ട് വരണ്ട, നിങ്ങള്‍ തീര്‍ക്കാനുള്ള പണിയും ചെയ്ത് പണി നേരെയാക്കിയ ശേഷം ബാക്കി തരാനുള്ള 6,000  ഞാന്‍ തരാം ബാലന്‍സ് ഉണ്ടെങ്കില്‍. ജോസഫുമായുള്ള ബന്ധം അവിടെ അവസാനിച്ചു.

ഇതിന് ശേഷം ഞങ്ങള്‍ ഇലക്ട്രീഷ്യന് വേണ്ടി അന്വേഷണമാരംഭിച്ചു. കാരണം എല്ലാ ഇലക്ട്രിക് വര്‍ക്കുകളും ജോസഫ് തന്നെയാണ് ചെയ്തത്. ശരിയാവില്ല, നിങ്ങള്‍ക്ക് ലൈസന്‍സില്ല എന്ന് പറഞ്ഞപ്പോള്‍ പണി കഴിഞ്ഞ് ലൈസന്‍സുള്ള ഇലക്ട്രീഷ്യനെ കൊണ്ട് അപ്രൂവ് ചെയ്യിക്കാമെന്ന് പറഞ്ഞിട്ട് നോക്കിച്ചില്ല. പല പ്രാവശ്യം ഞാന്‍ ആവശ്യപ്പെട്ടു. അങ്ങനെ സംശയം തോന്നിയതിനാലാണ് ഞങ്ങള്‍ വേറെ ഇലക്ട്രീഷ്യനെ അന്വേഷിക്കാനിടയായ കാര്യം.

ഞങ്ങളുടെ അവസ്ഥ കണ്ട് ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന ഐറിഷുകാരി അവരുടെ ജോലികള്‍ ചെയ്യുന്ന ഇലക്ട്രീഷ്യനോട് പറഞ്ഞ് അദ്ദേഹം വിളിച്ചു. നോക്കി കുറ്റങ്ങള്‍ ശരായാക്കി തരാമെന്ന് പറഞ്ഞു. വീട്ടില്‍ വന്നപ്പോള്‍ ജോസഫ് ചെയ്ത എല്ലാ പണികളും ആദ്യം മുതല്‍ പണിഞ്ഞ് അദ്ദേഹം എല്ലാ ഇലക്ട്രിക്കല്‍ വര്‍ക്കുകളും ചെയ്ത് അപ്രൂവ് ചെയ്തുതന്നു. അതിന് തന്നെ 4250 യൂറോ ആയി. കാരണം മെയിന്‍ ഹൗസില്‍ നിന്നുള്ള ഇലക്ട്രിക് ഉപകരണങ്ങളും ജോസഫ്  കേടുപാട് വരുത്തിയിരുന്നു.

ഇലക്ട്രീഷ്യന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ബില്‍ഡര്‍ വന്ന് മറ്റ് പണികളും ചെയ്തു. എല്ലാ കതകുകളും (മരത്തിന്റെ) രണ്ടാമതും അഴിച്ച് പണിയേണ്ടിവന്നു. ഒരു കതകും അടയുന്നുണ്ടായിരുന്നില്ല. കൂടാതെ അവിടെ കിടക്കാന്‍ പറ്റാത്ത തണുപ്പായിരുന്നു. കാരണം ഭിത്തി കഴിഞ്ഞുള്ള ഭാഗം ഇന്‍സുലേഷന്‍ ചെയ്യാതെയാണ് ജോസഫ്  ചെയ്തിരുന്നത്. അത് ശരിയാക്കി. മൊത്തം പൊളിച്ച് റൂഫ് ഇന്‍സുലേഷനും ചെയ്യേണ്ടിവന്നു (5550 യൂറോ).

ഞങ്ങളോട് വോഗണ്‍ ബില്‍ഡിങ് സെന്ററില്‍ പോയി എല്ലാം സെലക്ട് ചെയ്‌തോളാന്‍ പറഞ്ഞ ശേഷം ജോസഫ് വാങ്ങി  ഫിറ്റ് ചെയ്തത് എല്ലാം ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു. (പറഞ്ഞത് ബില്‍ഡര്‍). അങ്ങനെ എല്ലാ പണികളും ഒരു വിധം കഴിഞ്ഞു എന്ന് വിചാരിച്ചിരിക്കുമ്പോള്‍ കഴിഞ്ഞ ജൂണില്‍ (2024) അടിത്തറയുടെ ഉള്ളില്‍ നിന്ന് പൈപ്പ് പൊട്ടി വെള്ളം വരുന്നു. രണ്ട് സ്ഥലത്ത് അടിത്തറ പൊളിച്ച് അത് കണ്ടുപിടിച്ച് ശരിയാക്കി (1300 യൂറോ). ഇനിയും ജോസഫ് ചെയ്ത പണിയുടെ തകരാറുകൾ തീര്‍ക്കാന്‍ കാശില്ലാത്തത് കാരണം ചെയ്യാതിരിക്കുകയാണ്. നേരില്‍ വന്നാല്‍ കാണാവുന്നതാണ്. പണം പോയത് പോകട്ടെ അറിയാത്തവര്‍ക്ക് കൊടുത്തതല്ലേ, കാരണം ഞങ്ങളുടെ തെറ്റല്ലേ എന്ന് വിചാരിച്ചിരുന്നു.

06-08-2024 രാത്രി 9.10-ന് ജോസഫ് വീട്ടില്‍ വന്ന് എന്റെ ഭാര്യയോട് (അകത്ത് കയറിയില്ല) 6000 യൂറോ അദ്ദേഹത്തിന് വേണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളുടെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അതൊന്നും അറിയേണ്ട എന്ന് പറഞ്ഞു. ഞങ്ങളുടെ പ്രോപ്പര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് സംസാരിക്കുക, കൂടാതെ നിങ്ങള്‍ക്കുള്ള പണത്തിന് നിയമപരമായി പോവുക എന്ന് പറഞ്ഞപ്പോൾ, പിന്നെ ഭീഷണിയായി. നിന്നിലും വലിയവന്റെ കൈയില്‍ നിന്ന് വരെ വാങ്ങിയിട്ടുണ്ട് അതിനാല്‍ നീ ഒന്നുമല്ല. എന്തെങ്കിലും കാരണവശാല്‍ പണം കിട്ടിയില്ലെങ്കില്‍ ഇതിന്റെ ഇരട്ടി പണം നിന്റെ കൈയില്‍ നിന്ന് ചെലവഴിക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു (സ്വത്തിനും ജീവനും അപകടം വരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്). ഇനിയും ഞാന്‍ വരും എന്ന് പറഞ്ഞാണ് പോയത്.

പണവും പോയി, ഇപ്പോള്‍ ജീവനും സ്വത്തിനും ഭീഷണിയുമായി ഇരിക്കുകയാണ്. മൂന്ന് പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന എന്റെ കുടുംബം ഇപ്പോള്‍ പേടിച്ചാണ് കഴിയുന്നത്. ഗാര്‍ഡയില്‍ പരാതി എഴുതിക്കൊടുത്തു, അവര്‍ അത് സ്വീകരിച്ചു. ഇനിയും പ്രശ്‌നമുണ്ടായാല്‍ തുടര്‍നടപടികള്‍ എടുക്കാമെന്ന് പറഞ്ഞു.

1- ഇലക്ട്രിക് അടുപ്പിന് നേരെ മുകളിലാണ് സ്വിച്ച് വച്ചത്. അടുപ്പ് ഓണ്‍ ആക്കിയാല്‍ ഉരുകിപ്പോകും. അത് മാറ്റി.

2- ബെഡ്‌റൂമില്‍ വെന്റിലേഷന്‍ വച്ചില്ല. അത് വച്ചു.

3- മുറിയിലെ റേഡിയേറ്ററിന് 3-പിന്‍ ആയിരുന്നു. ഉപയോഗിച്ചപ്പോള്‍ ഉരുകിപ്പോയതിനാല്‍ നേരിട്ട് കൊടുത്തു.

4- അടുപ്പില്‍ നിന്നുള്ള എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഓണാക്കിയാല്‍ പകുതി മണം അറ്റിക്കിലേയ്ക്ക് പോകുന്ന രീതിയിലായിരുന്നു. മണം പുറത്തേയ്ക്ക് മാത്രം പോകുന്ന രീതിയില്‍ ശരിയാക്കി.

5- പ്രധാന ഡോറിനടുത്ത് പൊളിച്ചിട്ടിരിക്കുന്നത് (ഇപ്പോഴും ശരിയാക്കിയിട്ടില്ല, ആ റാമ്പ് മൊത്തം പൊളിക്കണം) മുന്‍പ് മഴ പെയ്താല്‍ കതകില്‍ വീഴുന്ന വെള്ളം മൊത്തം ഉള്ളിലേയ്ക്ക് പോകുമായിരുന്നു.

(സമാനമായ അനുഭവങ്ങൾ ഉള്ളവർ ഷെയർ ചെയ്യുന്നത് മറ്റുള്ളവർക്കും ഉപകാരം ആയിരിക്കും
Please email to rosemalayalam@gmail.com )

Share this news

Leave a Reply

%d bloggers like this: