NMBI ബോർഡ് ഇലക്ഷൻ ആരംഭിച്ചു: ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി സോമി തോമസ് മാറ്റുരക്കുന്നു

ഇന്ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ചു ഒക്ടോബർ രണ്ടിന് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന നഴ്സിംഗ് ബോർഡിന്റെ ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി ശ്രീമതി സോമി തോമസ് മത്സരിയ്ക്കുന്നു. 23 അംഗങ്ങൾ ഉള്ള നഴ്സിംഗ് ബോർഡിന്റെ ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്കാണ് സോമി തോമസ് മത്സരിയ്ക്കുന്നത്.

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ ട്രെഷറർ ആയി പ്രവർത്തിച്ചു വരുന്ന സോമി തോമസ് നാളിതുവരെയായി നൂറു കണക്കിന് നഴ്സുമാരെ വിവിധ വിഷയങ്ങളിൽ സഹായിക്കുകയും അവരുടെ പ്രശ്ന പരിഹാരത്തിനായി സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നുള്ള എണ്ണൂറോളം നഴ്സുമാർക്ക് ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വലിയ തോതിൽ കാലതാമസം വരികയും അതുമൂലം അവരുടെ ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും അങ്ങനെ അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കാതിരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. സോമി തോമസ് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധിയായി ഈ പ്രശ്നങ്ങൾ നേരിട്ട നഴ്സുമാരെ ഏകീകരിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ നഴ്സിംഗ് ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. അതിന്റെ ഫലമായി വർക്ക് പെർമിറ്റ് താമസം നേരിട്ട എല്ലാവർക്കും ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും അങ്ങനെ അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു. കൂടാതെ അഡാപ്റ്റേഷൻ പരീക്ഷ നവീകരിക്കുന്നതിന് വേണ്ടി NMBI 2023 ഒക്ടോബറിൽ നടത്തിയ ഫോക്കസ് ഗ്രൂപ്പിൽ സോമി തോമസ് പങ്കെടുക്കുകയും തന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അതിന്റെ ഭാഗമായി സ്വാഗതാർഹമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും അവ പുതിയ നഴ്സുമാർക്ക് വളരെ സഹായകരമാകുകയും ചെയ്തു.

അതുപോലെ കുറച്ചു നാളുകൾക്കു മുൻപ് നൂറുകണക്കിന് നഴ്സുമാർ ഒരു വിസ തട്ടിപ്പിനിരയാകുകയും അതിന്റെ ഭാഗമായി അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വിസ ബാൻ ലഭിക്കുകയും ചെയ്തു. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ നേതൃത്വത്തോടൊപ്പം സോമി തോമസ് ഈ പ്രശ്നത്തിൽ ഇടപെടുകയും ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ വിഷയം ധരിപ്പിക്കുകയും തട്ടിപ്പിന് വിധേയരായ നഴ്സുമാർ നിരപരാധികളാണ് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായി എല്ലാ നഴ്‌സുമാരുടെയും വിസ ബാൻ നീക്കിക്കൊടുക്കുകയും ചെയ്തു.


ഇതുകൂടാതെ നൂറുകണക്കിന് നഴ്സുമാരെ അവരുടെ ജോലി സംബന്ധമായ വിഷയങ്ങളിലും അഡാപ്റ്റേഷൻ പരാജയപ്പെട്ട സാഹചര്യങ്ങളിൽ അവർക്കു വിജയകരമായി അപ്പീൽ സമർപ്പിക്കാനുമൊക്കെ സോമി തോമസ് വളരെ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ അഭിമാനകരമായ പ്രവർത്തന ങ്ങളുടെ ചരിത്രം പേറിയാണ് സോമി തോമസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സോമി തോമസ് ജയിക്കേണ്ടത് എല്ലാ പ്രവാസികളായ നഴ്‌സുമാരുടെയും നന്മക്കു ആവശ്യമായതിനാൽ എല്ലാവരും സോമി തോമസിന് വോട്ടു ചെയ്യണമെന്ന് മൈഗ്രന്റ് നഴ്സസ് അയർലണ്ട് അഭ്യർത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: