അയർലണ്ടിലെ വിദ്വേഷ കുറ്റകൃത്യ ബില്ലിൽ നിന്നും ‘വിദ്വേഷ ജനകമായ സംസാരം; എടുത്തുമാറ്റി; ബിൽ വീണ്ടും അവതരിപ്പിക്കും

അയര്‍ലണ്ടില്‍ ഏറെക്കാലമായി ചര്‍ച്ചയിലിരിക്കുന്ന വിദ്വേഷ കുറ്റകൃത്യ ബില്ലില്‍ (The Criminal Justice (Incitement to Violence or Hatred and Hate Offences) Bill 2022) നിന്നും വിദ്വേഷം ജനിപ്പിക്കുന്ന സംസാരം (hate speech) എന്ന സെക്ഷന്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ. എന്താണ് വിദ്വേഷജനകമായ സംസാരം എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തത് സര്‍ക്കാരിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ സൃഷ്ടിച്ചതോടെയാണ് നടപടി. അതേസമയം ‘physical hate crimes’ കുറ്റകരമാക്കുന്ന രീതിയില്‍ ബില്ലുമായി മുമ്പോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു വ്യക്തിയുടെ വംശം, ദേശം, പാരമ്പര്യം, ലിംഗം, ഭിന്നശേഷി, മതം, ലൈംഗിക ചായ്‌വ് മുതലായവ മുന്‍നിര്‍ത്തി അവര്‍ക്ക് നേരെ അധിക്ഷേപമോ, ഭീഷണിയോ ഉണ്ടായാല്‍ അതിന് പ്രത്യേകം ശിക്ഷ അനുശാസിക്കുന്നതാണ് വിദ്വേഷജനകമായ സംസാര നിയമം. അധിക്ഷേപകരമായ സംസാരം മേല്‍ പറഞ്ഞ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് എത്തരത്തിലാണ് കേസെടുക്കുമ്പോള്‍ കണക്കാക്കുക അല്ലെങ്കില്‍ ഉറപ്പിക്കുക എന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഈ സെക്ഷന്‍ ബില്ലില്‍ നിന്നും എടുത്തുമാറ്റുന്നത്.

അതേസമയം തീവ്രവലതുപക്ഷവാദികള്‍ നേരത്തെ തന്നെ വിദ്വേഷകുറ്റകൃത്യത്തിലെ ഈ സെക്ഷന് എതിരെ രംഗത്ത് വന്നിരുന്നു. വിദേശ ബിസിനസുകാരനും, എക്‌സ് ഉമയുമായ ഇലോണ്‍ മസ്‌ക് അടക്കമുള്ളവരും ഇതിനെ എതിര്‍ത്തിരുന്നു.

ബില്ലില്‍ മാറ്റം വരുന്നതോടെ വിദ്വേഷകുറ്റകൃത്യം കൂടുതല്‍ ഗൗരവകരമാക്കുകയും, അതിന് ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ബില്‍ ഇനി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുക. ഒരു കുറ്റകൃത്യം ഉടലെടുക്കുന്നത് വിദ്വേഷം അഥവാ hate അടിസ്ഥാനമാക്കിയാണെങ്കില്‍ അതിന് കര്‍ശന ശിക്ഷ ഈ നിയമപ്രകാരം ലഭിക്കും.

അതേസമയം ഒരു വ്യക്തി അയാളുടെ പ്രത്യേകതകള്‍ കാരണമോ, അയാള്‍ എവിടെ നിന്ന് വരുന്നു എന്നത് കാരണമോ ഉടലെടുക്കുന്ന വിദ്വേഷത്താല്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ അതിന് കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി മക്എന്റീ പറഞ്ഞു. യൂറോപ്പില്‍ വിദ്വേഷകുറ്റകൃത്യങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യാന്‍ നിയമം ഇല്ലാത്ത രാജ്യം അയര്‍ലണ്ട് മാത്രമാണെന്നും, അതിന് മാറ്റമുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: