അയര്‍ലണ്ടിലെ ടാക്‌സി ചാര്‍ജ്ജ് ഡിസംബര്‍ 1 മുതല്‍ വര്‍ദ്ധിക്കും. ചാര്‍ജ്ജില്‍ 9% വര്‍ദ്ധന വരുത്താനുള്ള ശുപാര്‍ശ National Transport Authority (NTA) അംഗീകരിച്ചു. ടാക്‌സി ഓടിക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതാണ് ചാര്‍ജ്ജ് വര്‍ദ്ധനയിലേയ്ക്ക് നയിച്ചതെന്ന് NTA അറിയിച്ചു.
ഓരോ രണ്ട് വര്‍ഷവും രാജ്യത്തെ ടാക്‌സി നിരക്കുകള്‍ പുനഃപരിശോധിച്ച ശേഷമാണ് കൂട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പുതുക്കിയ ചാര്‍ജ്ജുകള്‍ക്ക് അനുസൃതമായി ടാക്‌സി മീറ്ററുകളിലും വരും മാസങ്ങളില്‍ മാറ്റം വരുത്തും.
നിലവിലുള്ള ടാക്‌സി സ്‌പെഷ്യല്‍ റേറ്റ് ദിനങ്ങള്‍ നീട്ടുന്നതായും NTA അറിയിച്ചിട്ടുണ്ട്. ക്രിസ്മസ് രാത്രി 8 മണിക്കും, സെന്റ് സ്റ്റീഫന്‍സ് ഡേ രാവിലെ 8 മണിക്കും ഇടയിലും, ന്യൂ ഇയര്‍ രാത്രി വൈകിട്ട് 8 മണിക്കും, ന്യൂ ഇയര്‍ ദിവസം രാവിലെ 8 മണിക്കും ഇടയിലും വിളിക്കുന്ന ടാക്‌സികള്‍ക്കാണ് നിലവില്‍ അധിക നിരക്ക് നല്‍കേണ്ടത്. ഇത് എല്ലാ വാരാന്ത്യങ്ങളിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 4 മണി വരെ കൂടി നീട്ടുന്നതായാണ് NTA അറിയിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണിത്. രാത്രിസമയങ്ങളില്‍ കൂടുതല്‍ ടാക്‌സികള്‍ ഓടുന്നുവെന്ന് ഉറപ്പാക്കാനാണ് അധിക നിരക്ക് അനുവദിക്കുന്നതെന്നും NTA വ്യക്തമാക്കി.