വളർത്തുനായയുമായി എത്തിയ അന്ധയും, പാരാലിംപിക് താരവുമായ ഉപഭോക്താവിനോട് ബേക്കറി സെക്ഷനിൽ നിന്നും മാറി നിക്കാൻ പറഞ്ഞ Lidl-ന് 2000 യൂറോ പിഴ

തന്റെ വഴികാട്ടിയായ വളര്‍ത്തുനായയുമായി (ഗൈഡ് ഡോഗ്) എത്തിയ അന്ധയായ പാരാലിംപിക് താരത്തോട് ബേക്കറി വില്‍ക്കുന്നയിടത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സൂപ്പർമാർക്കറ്റ് ചെയിനായ Lidl-ന് 2,000 യൂറോ പിഴ. 2024 ഫെബ്രുവരിയില്‍ Lidl-ന്റെ ഒരു സ്റ്റോറിലെത്തിയ ഐറിഷ് പാരാലിംപിക് താരം Nadine Lattimore-നോട് ഭിന്നശേഷിക്കാരി എന്ന നിലയില്‍ സ്‌റ്റോര്‍ വിവേചനം കാട്ടിയെന്ന് കണ്ടെത്തി വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) ആണ് ശിക്ഷ വിധിച്ചത്.

അതേസമയം Lattimore-ന്റെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച Lidl Ireland പക്ഷേ അവരോട് വിവേചനം കാട്ടി എന്നത് നിഷേധിക്കുകയും, ബേക്കറി സെക്ഷനില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടും മുമ്പ് സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും കമ്മീഷനില്‍ വാദിച്ചു.

ഇതേ സ്റ്റോറില്‍ മുമ്പ് പലതവണ താന്‍ വന്നിട്ടുണ്ടെന്നും, അന്ധയായതിനാല്‍ അന്ന് സ്റ്റിക്ക് ആണ് ഉപയോഗിച്ചിരുന്നതെന്നും Lattimore പറഞ്ഞു. എന്നാല്‍ ഗൈഡ് ഡോഗുമായി വന്നപ്പോള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് വിവേചനമായി തോന്നി. വളര്‍ത്തുനായ ഭക്ഷണത്തില്‍ നക്കുമെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞതായി Lattimore കമ്മീഷനില്‍ വ്യക്തമാക്കി. ഇത് തനിക്ക് വളരെ അപമാനകരമായാണ് അനുഭവപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ സ്റ്റോറില്‍ വളര്‍ത്തുനായയോടൊപ്പം എത്തിയ ആരോ ഇത്തരത്തില്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചതായും, അത് താനാണെന്നുമുള്ള രീതിയില്‍ ചിലര്‍ അവിടെവച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ കൂടുതല്‍ അപമാനിതയാകുകയായിരുന്നു താനെന്നും Lattimore വ്യക്തമാക്കി.

2012 ലണ്ടന്‍ പാരാലിംപിക്‌സില്‍ അയര്‍ലണ്ടിനായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മത്സരിച്ചയാളാണ് Nadine Lattimore. സംഭവശേഷം പിന്നീട് സ്റ്റോര്‍ മാനേജര്‍ ഇവരോട് മാപ്പപേക്ഷിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍ നടപടികളെടുക്കുകയും, ഐറിഷ് ഗൈഡ് ഡോഗ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും Lidl പറഞ്ഞു.

ഷോപ്പിലെ സ്റ്റാഫ് Lidl മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചല്ല Lattimore-നോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് വിചാരണയില്‍ കണ്ടെത്തി. സ്റ്റോറുകളില്‍ ‘Guide Dogs & Assistance Dogs Welcome’ എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ Lidl-ന് നിര്‍ദ്ദേശം നല്‍കണമെന്നും കേസിന്റെ വിചാരണവേളയില്‍ Lattimore, WRC-യോട് അഭ്യര്‍ത്ഥിച്ചു.

ഭിന്നശേഷിക്കാരിയായതിനാലാണ് സ്റ്റാഫ് അങ്ങനെ പെരുമാറിയതെന്നും, അതുവഴി വിവേചനം കാട്ടുകയായിരുന്നു എന്നും വ്യക്തമായ WRC, നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റം എന്നും WRC ഇതിനെ വിമര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: