മലയാള സിനിമയുടെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 80 വയസായിരുന്നു.
ആയിരത്തില്‍പരം സിനിമകളില്‍ അഭിനയിച്ച പൊന്നമ്മ, പേരുപോലെ തന്നെ ഹൃദയസ്പര്‍ശിയായ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ പ്രതിഷ്ഠ നേടിയത്. 1945 സെപ്റ്റംബര്‍ 10-ന് തിരുവല്ലയ്ക്കടുത്ത് കവിയൂരില്‍ ജനിച്ച പൊന്നമ്മ, ഗായികയായാണ് കലാരംഗത്ത് പ്രവേശിച്ചത്. നാടകങ്ങളിലും പാടി. 14-ആം വയസില്‍ തോപ്പില്‍ ഭാസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ അഭിനയമാരംഭിക്കുകയും, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തുകയും ചെയ്തു. ആദ്യ ചിത്രത്തില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മയുടെ വേഷമായിരുന്നു പൊന്നമ്മ ചെയ്തത്.
പിന്നീടിങ്ങോട്ട് നിരവധി തലമുറ താരങ്ങളുടെ അമ്മ വേഷം കൈകാര്യം ചെയ്ത കവിയൂര്‍ പൊന്നമ്മ, മലയാള സിനിമയില്‍ അമ്മയുടെ പര്യായമായി. ഏതാനും സിനിമകളില്‍ ഗായികയായും തിളങ്ങിയ പൊന്നമ്മ, പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സീരിയലുകളിലും വേഷമിട്ടു. പൊന്നമ്മയുടെ ഇളയ സഹോദരിയായിരുന്ന കവിയൂര്‍ രേണുകയും നടിയായിരുന്നു.
1969-ല്‍ പൊന്നമ്മ ചലച്ചിത്രനിര്‍മ്മാതാവായ മണിസ്വാമിയെ വിവാഹം ചെയ്തു. ഇവര്‍ക്ക് ബിന്ദു എന്നൊരു മകളുണ്ട്. 2011-ല്‍ മണിസ്വാമി അന്തരിച്ചു.
അവസാനകാലത്ത് എണ്ണം കുറഞ്ഞെങ്കിലും സിനിമകളില്‍ സജീവമായിരുന്നു കവിയൂര്‍ പൊന്നമ്മ.