അയര്‍ലണ്ടില്‍ റോമ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് സേവനം നിഷേധിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍, പരാതിക്കാരന് 6,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC). 2023 ഒക്ടോബര്‍ 5-ന് രാജ്യത്തെ ഒരു ടൗണിലുള്ള Centra സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ റോമ വിഭാഗക്കാരനായ ആള്‍ക്കും, ഇദ്ദേഹത്തിന്റെ 13 വയസുകാരിയായ മകള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തങ്ങളോട് വിവേചനത്തോടെ പെരുമാറിയെന്ന് കാട്ടിയാണ് റോമ വിഭാഗക്കാരനായ ആള്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ പരാതി നല്‍കിയത്.
അതേസമയം തങ്ങള്‍ വിവേചനപൂര്‍വ്വം പെരുമാറിയില്ലെന്നും, പരാതിക്കാരന്‍ ജീവനക്കാരെ ‘വംശീയത കാട്ടുന്നവര്‍’ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നുമായിരുന്നു കമ്മീഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരുടെ വാദം. എന്നാല്‍ ഇത് തള്ളിയ കമ്മീഷന്‍, ഒരു കാരണവുമില്ലാതെ ഒരാള്‍ മറ്റുള്ളവരെ വംശീയത കാട്ടുന്നവര്‍ എന്ന് വിളിക്കുന്നത് എങ്ങനെ എന്ന് ചോദിച്ചു. പരാതിക്കാരന്‍ റോമ വിഭാഗക്കാരന്‍ ആയതുകാരണമാണ് അദ്ദേഹത്തിന് സൂപ്പര്‍മാര്‍ക്കറ്റ് സേവനം നിഷേധിച്ചത് എന്ന് ബോധ്യപ്പെട്ടതായും WRC അഡ്ജ്ങഷന്‍ ഓഫീസര്‍ Thomas O’Driscoll വ്യക്തമാക്കി. ഇദ്ദേഹത്തോട് ഷോപ്പില്‍ പ്രവേശിക്കരുത് എന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നില്‍ വച്ച് പരാതിക്കാരന്‍ അപമാനം നേരിട്ടത് വളരെ ഗൗരവകരമായ കാര്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. പ്രദേശത്ത് തന്നെ താമസിക്കുന്ന ഇദ്ദേഹം സ്റ്റോറിലെത്തിയാല്‍ സേവനം നല്‍കേണ്ടെന്ന് ജീവനക്കാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും കമ്മീഷന്‍ പറഞ്ഞു. തുടര്‍ന്നാണ് 6,000 രൂപ ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരോട് കമ്മീഷന്‍ ഉത്തരവിട്ടത്.