നാട്ടിലെങ്ങും ഓണത്തോടോണമാണ്. കഴിഞ്ഞ 2 ഓണങ്ങൾ നാട്ടിലായിരുന്നു. പ്രവാസികളാണ് കൂടുതൽ ഓണം ആഘോഷിക്കുന്നതെന്ന് പറയുമ്പോഴും ഓണം നാട്ടിലുള്ളത് പോലെ ഇവിടെയില്ല,എങ്ങുമില്ല. നഗരത്തിലെ തിരക്കിൽ, ഗ്രാമങ്ങളിലെ പൂക്കളിൽ, അടുക്കളയിലെ ഗന്ധങ്ങളിൽ ഏതൊരു മലയാളിയെയും തളച്ചിടുന്ന പൊന്നോണം. തിരുവോണദിവസം അല്ലെങ്കിൽ അതിനോടനുബന്ധിച്ച് ഏതെങ്കിലും ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്ന അസോസിയേഷൻ ഓണങ്ങളിൽ നാം നമ്മളെ തളച്ചിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി പത്തോ പതിനഞ്ചോ?
രജിസ്റ്റർ ചെയ്തത് 225 പേരാണ്. ഞാൻ ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനിലെ അപ്ഡേറ്റ് കണ്ടതാണ് കഴിഞ്ഞ ദിവസം. വല്യ ആൾക്കൂട്ടങ്ങൾ, ബഹളങ്ങൾ ഒക്കെ പേടിപ്പിക്കുന്ന രീതിയിൽ ഒരു തള്ള വൈബ് ആയി തുടങ്ങി ഇപ്പോൾ. പലർക്കും അത് അസോസിയേറ്റ് ചെയ്യാൻ പറ്റുമായിരിക്കും. ഉത്രാടങ്ങളെ ഇഷ്ടപ്പെടുന്ന ആരുണ്ടിവിടെ?
ഞാനുണ്ട്, ഞാനുണ്ട് എന്ന് ഉള്ളിൽ നിന്ന് ഒരു സ്‌കൂൾകുട്ടി പറയുന്നുണ്ട്. അന്ന് ഞങ്ങൾ നാല് പേരുണ്ട്. ഞാനും രണ്ട് ചേച്ചിമാരും ഒരു ചേട്ടനും. ആകെയുള്ള കസിൻസ് ഇതിലെ ഒരു ചേച്ചിയും ചേട്ടനുമാണ്. ഓണം ആഘോഷിക്കുന്നത് അവരവരുടെ വീട്ടിലാണെങ്കിലും ഉത്രാടം അച്ഛന്റെ വീട്ടിലെ മരാമത്ത് പണികളിലാണ്.
ഓരോ നാടുകളിലും പല രീതിയിലാണ് ഓണം. ചെളിയും കളിമണ്ണും കൂട്ടിക്കലർത്തി ഓണത്തറ കെട്ടി ഓണത്തപ്പന്മാരെ ഉണ്ടാക്കി. പിന്നീട് അരിപ്പൊടി കൊണ്ട് അതിൽ ഡിസൈൻ ഇട്ട് ഭംഗി കൂട്ടി കുരുത്തോല കൊണ്ട് നീളത്തിൽ പന്തലിട്ട് വഴി മുഴുവൻ പൂവിട്ട് അലങ്കരിച്ച് മാവേലിയപ്പനെ കാത്തിരിക്കും. ‘മാവേലിയപ്പോ ഞാനിട്ട പൂക്കളം കാണാനും വായോ…’ എന്ന് ചൊല്ലണമെങ്കിൽ ഒരു തൂശനിലയിൽ അവലും മലരും കൽക്കണ്ടവും ചേർന്ന പ്രസാദവും മാത്രം പോരാ, പിന്നെ പൂവടയും വേണം. പൂ വെച്ച് എങ്ങിനെയാണ് അമ്മയും ചിറ്റമാരും അട ഉണ്ടാക്കുന്നതെന്ന് ഇന്നും വീട്ടിലെ ഇളയകുട്ടി സ്ഥാനം വിട്ടു കൊടുക്കാൻ താല്പര്യമില്ലാതെ ഞാൻ ചോദിച്ചു കൊണ്ടേയിരിക്കുന്നു.
അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റ് മാവേലിയപ്പനെ എതിരേൽക്കണം. ഒരിക്കലും നേരത്തെ എണീൽക്കാനോ ആർപ്പ് വിളിക്കാനോ കഴിയാതെ ഞാൻ നല്ല ഉറക്കത്തിലും. തിരുവോണം, പുതിയ ഉടുപ്പ്, ഭക്ഷണം എല്ലാം ആസ്വദിക്കുന്നു. പക്ഷെ മനസ്സിൽ ഓണം കഴിഞ്ഞു കാണും. അപ്രതീക്ഷിതമായിരുന്ന ഓപ്പയുടെ (ചേട്ടൻ ) മരണം ഓണത്തെയും വിഷുവിനെയും കുറേ നാളുകളിൽ ഓർമ്മകൾ മാത്രമാക്കി മാറ്റി.
ഇന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി ഓണത്തപ്പനെ വിളിക്കുന്നു. ഓണത്തപ്പൻ റെഡിമെയ്ഡ് ആണ്. അങ്ങ് ദൂരെ മാറി ഓർമകളിൽ ഞങ്ങൾ നാലു പേരും ഒന്നിച്ചാർത്ത് വിളിച്ചു വരവേറ്റിരുന്ന മാവേലിയപ്പന്റെ തിരിഞ്ഞുനടത്തം കാണാം. ഒരു തുള്ളി കണ്ണുനീർ പൂവടയ്ക്ക് പകരം ഞാനും നേദിക്കുന്നുണ്ട്. ഇത്തവണ ഓണം അയർലണ്ടിലെ പ്രിയപ്പെട്ട കുറച്ചു സുഹൃത്തുക്കളുടെ കൂടെയാണ്. സ്നേഹത്തോടെ ഒരുമിച്ചിരിക്കുക അതിനപ്പുറം എന്താണ് ഓണം, അല്ലേ…?