ആനകളെ ബാധിക്കുന്ന മാരക വൈറസില്‍ നിന്നും ഭീഷണി ഒഴിഞ്ഞതായി ഡബ്ലിന്‍ മൃഗശാല അധികൃതര്‍. EEHV (Elephant endotheliotropic herpesvirus) ബാധ കാരണം ജൂലൈയില്‍ മൃഗശാലയിലെ രണ്ട് ആനകള്‍ ചെരിഞ്ഞിരുന്നു. ഇതോടെ രോഗം മറ്റ് ആനകളുടെയും മരണത്തിന് കാരണമാകുമോ എന്ന് ആശങ്കയുയരുകയും ചെയ്തിരുന്നു.
മൃഗശാലയിലെ അഞ്ച് ഏഷ്യന്‍ പിടിയാനകളെയും രോഗം ബാധിച്ചെങ്കിലും അവ പിന്നീട് രോഗമുക്തി നേടി. ഒരു കൊമ്പനാനയ്ക്ക് മാത്രം വൈറസ് ബാധയുണ്ടായില്ല. താരതമ്യേന പ്രായം കുറഞ്ഞ ആനകളാണ് രോഗം കാരണം മരിക്കുന്നത്.
രോഗം ബാധിച്ച് 8 വസുകാരിയായ അവനി, 7 വയസുകാരിയായ സിന്ദ എന്നീ ആനകളാണ് ഡബ്ലിന്‍ മൃഗശാലയില്‍ മരണത്തിന് കീഴടങ്ങിയത്. നിലവില്‍ മൃഗശാലയിലെ എല്ലാ ആനകളും രോഗമുക്തി നേടിയെന്നും, വൈറസിന്റെ ഭീഷണി അവസാനിച്ചെന്നും അധികൃതര്‍ അറിയിച്ചു.