അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ വിന്‍ഡ് മില്ലുകളില്‍ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച മാസം എന്ന റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ്. Wind Energy Ireland (WEI)-ന്റെ കണക്കുകള്‍ പ്രകാരം പോയ മാസം 1,068 ജിഗാവാട്ട് ഹവേഴ്‌സ് (GWh) വൈദ്യുതിയാണ് രാജ്യം വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചത്. മുന്‍ റെക്കോര്‍ഡായ (1,042 GWh) 2023 ഓഗസ്റ്റ് മാസത്തെക്കാള്‍ 3% അധികമാണിത്.
ശക്തമായ കാറ്റ് ലഭിച്ചതോടെ ഓഗസ്റ്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയുടെ 34 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി നല്‍കാനും സാധിച്ചു. 33% എന്ന 2023 ഓഗസ്റ്റിലെ റെക്കോര്‍ഡാണ് പഴങ്കഥയായത്. പോയ മാസം വിന്‍ഡ് ഫാമുകള്‍ വഴി ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച കൗണ്ടി കെറിയാണ്- 129 GWh.
അതേസമയം 2024 ഓഗസ്റ്റിലെ ആകെ വൈദ്യുതിയില്‍ 6% സൗരോര്‍ജ്ജം അടക്കമുള്ള മറ്റ് പുനരുപയോഗിക്കാവുന്ന സ്‌ത്രോതസ്സുകളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിച്ചത്. രാജ്യത്തെ ആകെ വൈദ്യുതിയുടെ 40 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകള്‍ വഴി നിര്‍മ്മിക്കാനായി എന്നത് വലിയ നേട്ടമാണ്.